കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ബലക്ഷയം; ആർകിടെക്റ്റിനും കരാർ കമ്പനിക്കുമെതിരെ കേസെടുക്കും
text_fieldsകോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനോടനുബന്ധിച്ചുള്ള കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന കണ്ടെത്തലിൽ ആർകിടെക്റ്റിനും കരാർ കമ്പനിക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഇൗടാക്കാൻ സർക്കാർ നിർദേശം.
ആർക്കിടെക്റ്റ് ആർ.കെ. രമേശിനെതിരെയും കരാറുകാരായ കെ.വി ജോസഫ് ആൻഡ് സൺസ് കമ്പനിക്കെതിരെയും നിയമ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗമാണ് തീരുമാനിച്ചത്. കെട്ടിടത്തിെൻറ ബലക്ഷയം തീർക്കാനും പുനരുദ്ധാരണത്തിനും വേണ്ടിവരുന്ന ചെലവ് നിയമനടപടികളിലൂടെ ഇവരിൽനിന്ന് ഈടാക്കാനും കെ.ടി.ഡി.എഫ്.സിയെ സർക്കാർ ചുമതലപ്പെടുത്തി. ഡിസൈൻ ക്രമീകരിക്കുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ പൂർണ അച്ചടക്ക നടപടിയെടുക്കാനും നിർദേശമുണ്ട്.
2009ൽ മാവൂർ റോഡിൽ നിർമാണം ആരംഭിച്ച പത്തു നിലകളുള്ള ഇരട്ട ടവറുകൾ രൂപകൽപന ചെയ്തത് കോഴിക്കോട്ടെ പ്രശസ്ത ആർക്കിടെക്ടായ ആർ.കെ രമേശ് ആയിരുന്നു. എറണാകുളത്തെ കെ.വി. ജോസഫ് ആൻഡ് സൺസ് കമ്പനിയാണ് നിർമാണം പൂർത്തിയാക്കിയത്. എ.കെ.ജി സെൻറർ, കൈരളി ചാനൽ ടവർ, കോഴിക്കോട് സ്റ്റേഡിയം ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ രൂപകൽപന ആർ.കെ രമേശൻ ആയിരുന്നു നിർവഹിച്ചിരുന്നത്. മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് പ്രകാരം ഇരട്ട ടവർ അപകട ഭീഷണിയിലാണ്.
ബസ്സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഒന്നാം നിലയിൽ സ്ലാബുകൾക്കിടയിൽ വിള്ളലുണ്ട്. കെട്ടിടത്തിെൻറ നൂറോളം തൂണുകളിലും വിള്ളലുണ്ട്. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് നിർമാണം നടന്നതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിെൻറ ബലക്ഷയ പ്രശ്നം തീർക്കാൻ ബസ്സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.