ഈ പമ്പിലെ ടാങ്കിൽ വെള്ളം കലർന്നു; പെട്രോൾ അടിച്ച വാഹനങ്ങൾ കട്ടപ്പുറത്തായി: പൊലീസ് പമ്പ് പൂട്ടിച്ചു
text_fieldsഓയൂർ (കൊല്ലം): പെട്രോൾ പമ്പിൽ നിന്നും വാഹനങ്ങളിൽ നിറച്ച് നൽകിയത് വെള്ളം കലർന്ന പെട്രോൾ. നിരവധി വാഹനങ്ങൾ തകരാറിലായതായി പരാതി. കൊല്ലം ഓയൂർ വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നാണ് വെള്ളം അമിതമായി കലർന്ന പെട്രോൾ അടിച്ച് നൽകിയത്. പരാതികളും പ്രതിഷേധങ്ങളും വ്യാപകമായതിന് പിന്നാലെ പമ്പ് പൊലീസ് അടപ്പിച്ചു.
കഴിഞ്ഞ ദിവസം ഈ പമ്പിൽ നിന്നും പെട്രോൾ അടിച്ച് കൊണ്ട് പോയ നിരവധിവാഹനങ്ങൾ യാത്രക്കിടയിൽ നിന്നുപോയിരുന്നു. തുടർന്ന് വാഹനങ്ങൾ വർക് ഷോപ്പുകളിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെട്രോൾ ടാങ്കിൽ വെള്ളം കണ്ടെത്തിയത്.
എന്നാൽ എവിടെ നിന്നാണ് വണ്ടിയുടെ ടാങ്കിൽ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല. വൈകിട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനും ഈ പമ്പിൽ നിന്നും ബൈക്കിൽ പെട്രോൾ അടിച്ചിരുന്ന. എന്നാൽ ഒരു കിലോമീറ്റർ പിന്നിടുന്നതിനു മുന്നേ വാഹനം നിന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിനെക്കാൾ കൂടുതൽ വെള്ളമാണ് പമ്പിൽ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്.അദ്ദേഹം പൂയപ്പള്ളി സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി പമ്പ് അടപ്പിക്കുകയും ചെയ്തു.
ഈ പമ്പിലെ ടാങ്കിൽ എങ്ങനെ വെള്ളമെത്തി, എന്തുകൊണ്ട് വണ്ടികൾ കട്ടപ്പുറത്തായി എന്നതിനെ പറ്റി ശാസ്ത്രീയമായ പരിശോധന ഫലം വരേണ്ടതുണ്ട്. എന്നാൽ ഒരു കാരണമായി പറയപ്പെടുന്നത് 10 ശതമാനം എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങിയതാണ്. എഥനോൾ അടങ്ങിയ പെട്രോളിൽ വെള്ളം കലരുന്നത് വാഹനങ്ങൾക്ക് വൻ കേടുപാടുകൾ ഉണ്ടാകാൻ കാരണമായേക്കും
എഥനോൾ കലർത്തിയ പെട്രോൾ എന്ന വില്ലൻ
നേരത്തേതന്നെ പെട്രോളിൽ എഥനോൾ ചേർക്കുന്നുണ്ടെങ്കിലും അതിന്‍റെ ശതമാനം കുറവായിരുന്നു. പെട്രോളിൽ എഥനോൾ കലർത്തുേമ്പാൾ ഗൗരവകരമായ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുേന്നവർ ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുമുണ്ട്.
എഥനോളും പെട്രോളും
രാജ്യത്ത് ലഭിക്കുന്ന ഇന്ധനത്തിൽ എഥനോൾ ചേർക്കുക എന്നത് സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. 20 ശതമാനം എഥനോളെങ്കിലും ചേർക്കാനായാൽ സാമ്പത്തികവും പ്രകൃതിപരവുമായ ഏറെ മെച്ചങ്ങൾ നമ്മുക്ക് ലഭിക്കുമെന്നാണ് സർക്കാർ പക്ഷം. ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം കോടിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിക്കാനും വിദേശനാണ്യം ലാഭിക്കാനും ഇത് സഹായിക്കുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നിലവിൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ 5 ശതമാനത്തോളം ചേർക്കുന്നുണ്ട്. അത് 10 ശതമാനം ആക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 2025ൽ അത് 20 ശതമാനമാക്കി ഉയർത്തുകയും ചെയ്യും.
എഥനോളിന്‍റെ ഗുണങ്ങൾ
വൈജ ഇന്ധനം എന്നറിയപ്പെടുന്ന എഥനോൾ പലരീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കരിമ്പ്, ചോളം ബാർലി തുടങ്ങി നിരവധി വിളകളിൽ നിന്ന് ഇവ ലഭിക്കാം. പുളിപ്പിക്കൽ അഥവാ ഫെർമെേന്റഷൻ പ്രക്രിയ വഴിയാണ് ഇവ ഉത്പാദിപ്പിക്കുക. ലോകത്തെ രണ്ടാമത്തെ പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. പഞ്ചസസാര നിർമാണത്തിന്‍റെ ഏറ്റവും വലിയ ഉപോത്പന്നമാണ് എഥനോൾ. ഇവ ഇന്ധനത്തിൽ ചേർക്കാനായാൽ ക്രൂഡോയിൽ ഇറക്കുമതി ഉൾപ്പടെ കുറക്കാനാകും. എഥനോൾ നിർമിക്കാനായി മാത്രം വ്യവസായശാലകൾ തുടങ്ങിയാൽ പോലും പെട്രോളിനൊപ്പം വിൽക്കാനായാൽ അത് ലാഭമായിരിക്കും.
ധാരാളം സംരംഭകരേയും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ജൈവ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും ഇതുമൂലം കഴിയുമെന്ന് പെട്രോളിയം മന്ത്രാലയം വിശ്വസിക്കുന്നു. എഥനോൾ ചേർത്ത പെട്രോൾ മലിനീകരണം കുറക്കും എന്നതും ഒരു മെച്ചമാണ്.
പെട്രോളിൽ എഥനോൾ ചേർക്കുേമ്പാൾ ശ്രദ്ധിക്കേണ്ടത്
പെട്രോളിൽ എഥനോൾ ചേർക്കുേമ്പാൾ ഉണ്ടാകുന്ന പ്രധാന മാറ്റം അതിന്‍റെ ജലത്തെ ലയിപ്പിക്കാനുള്ള ശേഷി കൂടുമെന്നതാണ്. നിലവിൽ ജലം പെട്രോളിൽ കലർന്നാൽ അത് താഴെ അടിയുകയാണ് ചെയ്യുക. അതിനാൽ എഞ്ചിനിൽ വെള്ളം എത്തില്ല. എഥനോൾ കലർത്തുന്നതോടെ പെട്രോളിന്‍റെ ജലത്തെ ലയിപ്പിക്കാനുള്ള ശേഷി കൂടും. ഇതോടെ വെള്ളം കലർന്ന പെേട്രാൾ എഞ്ചിനിൽ അനായാസം എത്തുകയും തകരാറുകൾക്ക് സാധ്യത വർധിക്കുകയും ചെയ്യും.
നിയമപരമായ 'മായം കലർത്തൽ'
നിലവിൽ പെട്രോളിയം മന്ത്രാലയം നടത്തുന്നത് നിയമപരമായുള്ള മായം ചേർക്കലാണ്. ഈയവസ്ഥയിൽ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത് വെള്ളത്തിൽ നിന്ന് പെട്രോളിനെ എങ്ങിനേയും മാറ്റിനിർത്തുകയാണ്. മൂന്ന് രീതിയിൽ പെട്രോളിൽ വെള്ളം കലരാൻ സാധ്യതയുണ്ട്. 1.പെട്രോൾ പമ്പിൽവച്ച് കയറുക, 2. ഇന്ധന ടാങ്കിലേക്ക് വെള്ളം കയറുക,3. നീരാവിയിൽ നിന്ന് ജലാംശം രൂപെപടുക. പെട്രോൾ പമ്പിൽവച്ച് വെള്ളം കയറാനുള്ള സാധ്യത തടയാനുള്ള നീക്കങ്ങൾ ഓയിൽ കമ്പനികൾ സ്വീകരിക്കുന്നുണ്ട്.
ജലാംശം പരിശോധിക്കാനുള്ള സംവിധാനം എല്ല പമ്പുകൾക്കും എത്തിച്ചിട്ടുമുണ്ട്. ദിവസം അഞ്ചുപ്രാവശ്യം പമ്പിലെ ടാങ്കിൽ വെള്ളത്തിന്‍റെ അംശമുേണ്ടാ എന്ന് പരിശോധിക്കാനാണ് നൽകിയിരിക്കുന്ന നിർദേശം. രണ്ടാമത്തേത് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്വന്തം വാഹനത്തിന്‍റെ ഇന്ധന ടാങ്കിലേക്ക് വെള്ളത്തിന്‍റെ അംശം എത്താതെ ശ്രദ്ധിക്കണം. മഴയിൽ സഞ്ചരിക്കുേമ്പാഴോ മഴയത്ത് പുറത്തുവച്ചിട്ട് പോകുേമ്പാഴോ കൂടുതൽ ജാഗ്രത പുലർത്തണം. വാഹനം കഴുകുേമ്പാഴും സർവീസ് ചെയ്യുേമ്പാഴുമൊക്കെ ഈ ശ്രദ്ധ അനിവാര്യമാണ്. നീരാവിയിൽകൂടി ജലാംശം ഉണ്ടാകാനുള്ള സാധ്യത ഇരുചക്രവാഹനങ്ങളിൽ കൂടുതലാണ്. അത് തടയുക അത്ര എളുപ്പമാകില്ല. വാഹനം വെയിലിൽ നിന്ന് ഒഴിവാക്കിവയ്ക്കുകയാണ് പ്രധാനവഴി.
അനന്തര ഫലം
എഥനോൾ കലർത്തിയ ഇന്ധനം ഒഴിച്ച വാഹനങ്ങളിൽ വെള്ളത്തിന്‍റെ അംശംകൂടി എത്തിയാൽ ഗൗരവകരമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ധനം ശരിക്ക് കത്താതാകുകവഴി എഞ്ചിന്‍റെ പ്രവർത്തനശേഷിയെ ഇത് ബാധിക്കാം. സ്റ്റാർട്ടറുകൾക്ക് തകരാർ, ഒാടിക്കൊണ്ടിരിക്കുന്ന വാഹനം സപ്രതീക്ഷിതമായി നിന്നുപോകൽ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും. വാഹനം ഓടിക്കൊണ്ടിരിക്കുേമ്പാൾ പൊട്ടുന്ന ശബ്ദങ്ങൾ കേട്ടാൽ ഇന്ധനത്തിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാഹനം വഴിയിൽ കിടക്കാനുള്ള നല്ല സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.