ക്ഷേത്ര നൃത്തോത്സവത്തില്‍ അവസരം നിഷേധിച്ചെന്ന പരാതിയുമായി നര്‍ത്തകി മന്‍സിയ
text_fieldsഇരിങ്ങാലക്കുട (തൃശൂർ): കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച നൃത്തോത്സവത്തില്‍, അഹിന്ദുവായതിനാല്‍ അവസരം നിഷേധിച്ചെന്ന പരാതിയുമായി നര്‍ത്തകി വി.പി. മന്‍സിയ. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തിൽ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് അവസരം നിഷേധിച്ചതായി ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതെന്ന് മന്‍സിയ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദുമതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നു. ഒരു മതവുമില്ലാത്ത താന്‍ എങ്ങോട്ട് മാറാനാണെന്ന് ചോദിക്കുന്ന മൻസിയ ഇത് പുതിയ അനുഭവമല്ലെന്നും വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് തന്ന അവസരവും ഇതേ കാരണത്താല്‍ നിഷേധിക്കപ്പെട്ടിരുന്നു. ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ച് വന്നതാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് രംഗത്തെത്തി. ക്ഷേത്ര മതില്കെട്ടിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് കലാപരിപാടികള്‍. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അഹിന്ദുക്കള്‍ക്ക് ക്ഷേത്ര മതില്കെട്ടിനകത്ത് പ്രവേശനമില്ല. ഉത്സവത്തിന് കലാപരിപാടികള്‍ ക്ഷണിച്ച പത്രപരസ്യത്തില്‍, ക്ഷേത്രോത്സവത്തിന് അനുയോജ്യമായ കലാപരിപാടികള്‍ അവതരിപ്പിക്കാൻ ഹൈന്ദവ കലാകാരന്മാര് വിശദ വിവരങ്ങള്‍ സഹിതം അപേക്ഷ നൽകണമെന്നാണ് വ്യക്തമാക്കിയിരുന്നത്.
അപേക്ഷ പരിശോധിക്കുന്നതും തെരഞ്ഞടുക്കുന്നതും പ്രത്യേക കമ്മിറ്റിയാണ്. തെരഞ്ഞടുത്താല്‍ പരിപാടികളുടെ കരാർ ദേവസ്വത്തിന് സമര്‍പ്പിക്കണം. ആ അപേക്ഷയിലും ഹൈന്ദവ കലാകാരന്മാരുടെ കാര്യം വ്യക്തമാക്കുന്നുണ്ട്. മന്‍സിയയുടെ കരാറുമായി ബന്ധപ്പെട്ടപ്പോഴാണ് ഹിന്ദുവല്ലെന്ന് മനസ്സിലാക്കിയതും അവതരണാനുമതി നിഷേധിച്ചതും. മന്‍സിയ മികച്ച കലാകാരിയാണ്. വിഷയം ക്ഷേത്രം തന്ത്രിമാരുമായും ദേവസ്വം മന്ത്രിയുമായി സംസാരിക്കുമെന്നും പ്രദീപ് മേനോന് പറഞ്ഞു.
മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മൻസിയ. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്. മൻസിയക്ക് ഐക്യദാർഢ്യവുമായി മുൻ മന്ത്രി കെ.കെ. ശൈലജ, പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ, ഡി.വൈ.എഫ്.ഐ, യുവകലാസാഹിതി തുടങ്ങിയവർ രംഗത്തെത്തി. ദൈവത്തിന്റെ പേരില്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് സ്വാര്ഥതാല്പര്യക്കാരാണെന്നും ശക്തമായി പ്രതികരിക്കണമെന്നും കെ.കെ. ശൈലജ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.