കോഴിക്കോട് ജില്ലയിൽ വീണ്ടും തുറന്ന വിനോദ കേന്ദ്രങ്ങളിൽ അപകടം കൂടി
text_fieldsകോഴിക്കോട്: കോവിഡ് അടച്ചുപൂട്ടലിനു ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ അപകടങ്ങളും തുടർക്കഥ. കോഴിക്കോട് ബീച്ച് തുറന്ന ശേഷം ഉണ്ടായ ആദ്യ അപകടമാണ് െചാവ്വാഴ്ച കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളുടെ ജീവനെടുത്തത്. നീന്തൽ വസ്ത്രങ്ങളുൾപ്പെടെയായിരുന്നു ഇവർ വന്നത്.
കടലിൽ ഇറങ്ങുന്നവരെ നിയന്ത്രിക്കാനോ അടിയന്തര രക്ഷാ പ്രവർത്തനത്തിനോ ലൈഫ് ഗാർഡുമാർ ആവശ്യത്തിനില്ലാത്തത് അപകടത്തിെൻറ ആക്കം കൂട്ടുന്നു. രക്ഷാപ്രവർത്തന ഉപകരണങ്ങൾ ലൈഫ് ഗാർഡുമാർക്കില്ല. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട യുവാക്കളെ ബീച്ചില്‍ വാട്ടര്സ്പോര്ട്സില് ഏര്‍പ്പെട്ടിരുന്നവരാണ് രക്ഷിക്കാനിറങ്ങിയത്.
കരിയാത്തുംപാറ റിസർവോയർ തീരത്ത് കഴിഞ്ഞ ദിവസം കുട്ടി മരിച്ചിരുന്നു. ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികൾ ജില്ലക്കകത്തുംപുറത്തുംനിന്ന് ഇവിടെ വന്നു പോകുന്നു. കൊടുവള്ളിയിൽനിന്ന് കുടുംബസമേതമെത്തിയ കൂട്ടത്തിലെ 14കാരനായ മുഹമ്മദ് അബ്ദുല്ല ബാവയാണ് റിസർവോയറിലെ പാറക്കടവ് ഭാഗത്ത് മുങ്ങിമരിച്ചത്. ഒരു മാസത്തിനുള്ളിൽ ഇവിടെ മുങ്ങിമരിക്കുന്ന രണ്ടാമത്തെ ആളാണിത്.
കഴിഞ്ഞ ദിവസം കുറ്റ്യാടി പുഴയിലെ തുരുത്തിൽ അകപ്പെട്ട ദമ്പതികളെ രക്ഷിച്ചത് അതിസാഹസികമായാണ്. പുഴയിൽ വെള്ളം വളരെ കുറഞ്ഞതായി കണ്ട ദമ്പതികൾ പുഴയിലുള്ള തുരുത്തിലേക്ക് നടന്നുപോവുകയായിരുന്നു. തുരുത്തിൽനിന്ന് പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നതിനിടെ ജലനിരപ്പ് പെട്ടെന്നുയർന്നു. പെരുവണ്ണാമൂഴി ഡാമിൽ നിന്നു കൂടുതൽ വെള്ളം തുറന്നു വിട്ടതിനാലായിരുന്നു ഇത്.
ഭയവിഹ്വലരായ ദമ്പതികൾ ഇതോടെ തുരുത്തിലുള്ള മരത്തിൽ കയറി ഇരുപ്പുറപ്പിക്കുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് രക്ഷിച്ചത്. വിനോദ സഞ്ചാരം സംസ്ഥാനത്തിെൻറ പ്രധാന വരുമാന മേഖലയാണെങ്കിലും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് പലപ്പോഴും ജീവൻ നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.