അപകട ഭീതിയുയർത്തി ദേശീയപാത കാന നിർമാണം
text_fieldsകൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ അശാസ്ത്രീയ നിർമാണം അപകടക്കെണിയാകുന്നു. കുണ്ടന്നൂർ മുതൽ മൂന്നാർവരെ ഇരുവശത്തുമായി ആരംഭിച്ച കാന നിർമാണമാണ് വാഹനയാത്രികർക്ക് ഭീഷണി ഉയർത്തുന്നത്.
മാമല മുതൽ കടാതി മേക്കടമ്പുവരെ ഭാഗങ്ങളിലാണ് പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ, സുരക്ഷാ മുൻകരുതലോ മുന്നറിയിപ്പോ ഇല്ലാതെ നടത്തുന്ന നിർമാണമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
മനുഷ്യജീവന് പുല്ലുവില
രാപ്പകൽ ഭേദമന്യേ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. നിർമാണം ആരംഭിച്ചതോടെ അപകടങ്ങൾ വർധിച്ചിട്ടുണ്ട്. കടാതി മുതൽ മാമലവരെ ഭാഗങ്ങളിലായി 20 കൊടും വളവാണുള്ളത്. ഇവിടങ്ങളിലടക്കം ഒരു സുരക്ഷയുമൊരുക്കാതെയാണ് നിർമാണം നടത്തുന്നത്. 14 മീറ്ററാണ് റോഡിന്റെ ഔദ്യോഗിക വീതിയെങ്കിലും ചിലയിടങ്ങളിലിത് 12 മീറ്ററിലും താഴെയാണ്. ഇവിടങ്ങളിലടക്കമുളള കാന കീറൽ അപകട ഭീതി സൃഷ്ടിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി പണിക്കരുപടിക്ക് സമീപം നിയന്ത്രണം വിട്ട് കാറ്ററിങ് ഗ്രൂപ്പിന്റെ ട്രാവലർ കാനയിൽ വീണിരുന്നു. രാത്രി സമീപത്തെത്തുമ്പോഴാണ് കാന കാണുകയുള്ളൂവെന്നതിനാൽ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നതും പതിവാണ്. പരാതി വ്യാപകമായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പുത്തൻകുരിശ് പൊലീസ് ഇടപെട്ട് സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പ്ലാസ്റ്റിക് മുന്നറിയിപ്പ് പേപ്പറുകൾ വലിച്ചുകെട്ടുകയാണ് അധികൃതർ ചെയ്തത്.
മരം മുറിക്കലിലും മണ്ണെടുക്കലിലും വിവാദം
വീതികൂട്ടലിന്റെ ഭാഗമായി ദേശീയ പാതയോരങ്ങളിലെ കൂറ്റൻ മരങ്ങളാണ് വെട്ടിമാറ്റുന്നത്. ഈ മരങ്ങളുടെ വിപണനം സംബന്ധിച്ചും ആക്ഷേപങ്ങളുയരുന്നുണ്ട്. കൂടാതെ കാനക്കായി കുഴിച്ചെടുക്കുന്ന മണ്ണ് എവിടെയാണ് നിക്ഷേപിക്കുന്നതെന്നും വ്യക്തമല്ലെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ ലോഡ് കണക്കിന് മണ്ണാണ് ദേശീയ പാതയിൽനിന്ന് മാറ്റിയത്. പരസ്യലേലമോ ഒദ്യോഗിക അറിയിപ്പോ ഇല്ലാതെയാണ് മരങ്ങളുടെയും മണ്ണിന്റെയും ഇടപാടുകളെന്നും സമീപവാസികൾ പറയുന്നു. ഒന്നേകാൽ അടി വീതിയിലും ആറ് അടിയോളം താഴ്ചയിലുമാണ് ഡ്രയിനേജ് നിർമാണം.
1073.8 കോടി ചെലവിട്ടാണ് കൊച്ചി മുതൽ മൂന്നാർവരെ 125 കിലോമീറ്ററിൽ വികസന പദ്ധതി നടപ്പാക്കുന്നത്. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് പാതയുടെ ഇരുവശത്തുമായി 186 കിലോമീറ്റർ ദൂരം പുതിയ കാനകൾ നിർമിക്കുകയും മോശമായവ നവീകരിക്കുകയും ചെയ്യുന്നുണ്ട്. നവീകരണം ആരംഭിച്ചതോടെ പകൽ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.