'പുത്തുമലയും കവളപ്പാറയും പോലെ അരിമ്പ്രയും ചരിത്രമാവാതിരിക്കട്ടെ'; മുന്നറിയിപ്പായി ഒരധ്യാപികയുടെ കുറിപ്പ്
text_fieldsഇടുക്കിയിലെ പെട്ടിമുടിയിലെ ദുരന്തത്തിെൻറ ആഘാത്തതിൽനിന്ന് ഇനിയും കേരളം മുക്തമായിട്ടില്ല. കഴിഞ്ഞവർഷം വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും പെയ്തിറങ്ങിയ ദുരന്തവും മലയാളികൾ മറന്നിട്ടില്ല. എന്നിട്ടും നാം എന്തുകൊണ്ട് പാഠമുൾക്കൊള്ളുന്നില്ലെന്ന് ചോദിക്കുകയാണ് അധ്യാപികയായ സി.കെ. ഷീജ.
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിക്ക് സമീപത്തെ അരിമ്പ്ര മലനിരകളിൽ 40ൽ അധികം കരിങ്കൽ ക്വാറികളാണ് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്നത്. ചെരുപ്പടി മലയിലും മിനി ഊട്ടിയിലും കരിങ്കൽപ്പാറമടകൾ ഭീതിയുണർത്തി വെള്ളം നിറഞ്ഞ് നിൽക്കുകയാണ്.
അരിമ്പ്ര മലയിലെ കരിങ്കൽ ഖനനം ഇനിയും കണ്ടില്ലെന്ന് അധികാരികൾ നടിച്ചാൽ ഒരു ഗ്രാമം മുഴുവൻ ഒരു ജീവൻപോലും ബാക്കിയില്ലാതെ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
അരിമ്പ്ര എന്നൊരു കുഞ്ഞു ഗ്രാമമുണ്ട് മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിൽ. വേങ്ങരയുമായും മലപ്പുറവുമായും അതിർത്തി പങ്കിടുന്ന ഒരു കാർഷിക ഗ്രാമം. മിനി ഊട്ടിയുടേയും ചെരുപ്പടി മലയുടേയും താഴ്വരയിൽ. അരിമ്പ്രയിൽ രണ്ട് വിദ്യാലയങ്ങളുമുണ്ട്. ഒരു യു.പി സ്കൂളും ഒരു ഹൈസ്കൂളും. രണ്ടിടങ്ങളിലുമായി 2500ലധികം കുട്ടികളും ഇരുനൂറോളം അധ്യാപകരുമുണ്ട്.
പിന്നെ പ്രദേശവാസികളായ ആയിരക്കണക്കിന് സാധാരണക്കാരും. വിഷയമതൊന്നുമല്ല. അരിമ്പ്ര മലനിരകളിൽ 40ൽ അധികം കരിങ്കൽ ക്വാറികളാണ് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ചെരുപ്പടി മലയിലും മിനി ഊട്ടിയിലും കരിങ്കൽപ്പാറമടകൾ ഭീതിയുണർത്തി വെള്ളം നിറഞ്ഞ് നിൽക്കുകയാണ്. മഴ തോരാതെ പെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള തോരാപ്പെയ്ത്തിലാണ് ഒറ്റരാത്രി കൊണ്ട് പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും വീണ്ടെടുക്കാനാവാത്ത വിധം ഒലിച്ചിറങ്ങിപ്പോയത്.
ഒരൊറ്റ രാത്രി കൊണ്ടാണ് കൂടെപ്പിറപ്പുകളെ നഷ്ടമായി പലരും അനാഥരായത്. ഉറുമ്പുകൂട്ടുന്നതു പോലെ ഒരുക്കൂട്ടിയതൊക്കെയും ഒരൊറ്റ വെള്ളപ്പാച്ചിലിലാണ് അവർക്ക് നഷ്ടമായത്. പ്രിയപ്പെട്ടവരുടെ ജീവനുകൾ പിടഞ്ഞൊഴുകുന്നത് നിലവിളിയോടെ നിസ്സഹായരായി നോക്കി നിന്നവരുടെ നൊമ്പരങ്ങൾ നമ്മളാരും മറന്നുകാണില്ല.
അരിമ്പ്രമലയിലെ കരിങ്കൽ ഖനനം ഇനിയും കണ്ടില്ലെന്ന് അധികാരികൾ നടിച്ചാൽ, ക്വാറി മാഫിയ െവച്ചുനീട്ടുന്ന നക്കാപ്പിച്ച കൊണ്ട് കീശ വീർപ്പിച്ച് അവർക്ക് ഇനിയും ഒത്താശ ചെയ്താൽ ഒരു ഗ്രാമം മുഴുവൻ ഒരു ജീവൻ പോലും ബാക്കിയില്ലാതെ ചരിത്രത്തിലേക്ക് വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുമത്.
നാളെയുടെ വാഗ്ദാനങ്ങളാകേണ്ട ഒരുപാട് കുഞ്ഞുങ്ങളാണ് കുഞ്ഞുവീടുകളിൽ കിടന്നുറങ്ങുന്നത്. ഒരു നാടിെൻറയാകെ പ്രതീക്ഷയാണവർ. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന സ്നേഹനിധികളായ അവരുടെ രക്ഷിതാക്കളും. പുത്തുമലയും കവളപ്പാറയും ചരിത്രമായതു പോലെ അരിമ്പ്രയും ചരിത്രമാവാതിരിക്കട്ടെ. അധികാരികൾ, നാട്ടുകാർ ഉണർന്നുപ്രവർത്തിക്കണം. ദുരന്തങ്ങളൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രം.
സി.കെ. ഷീജ, അധ്യാപിക (ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര)
അരിമ്പ്ര എന്നൊരു കുഞ്ഞു ഗ്രാമമുണ്ട് മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിൽ . വേങ്ങരയുമായും മലപ്പുറവു മായും അതിർത്തി...
Posted by Sheeja C K Sheeja on Saturday, 8 August 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.