ദാറുന്നജാത്ത് സ്കൂളിലെ നിയമന ക്രമക്കേട്: കുറ്റാരോപിതർക്ക് സർക്കാറിന്റെ ക്ലീൻചിറ്റ്
text_fieldsമലപ്പുറം: കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിൽ വ്യാജ നിയമനരേഖയുണ്ടാക്കി മൂന്ന് അധ്യാപകർ ശമ്പളം കൈപ്പറ്റിയെന്ന കേസിൽ കുറ്റാരോപിതരായ അധ്യാപകർക്ക് സർക്കാർ ക്ലീൻചിറ്റ്. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കണ്ടെത്തലുകളും ശിപാർശകളും തള്ളിയാണ് നടപടി. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളും ബന്ധുക്കളുമടക്കം കുറ്റക്കാരായ കേസിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ മലക്കംമറിച്ചിൽ.
അധ്യാപകരായ നിഷാത്ത് സുൽത്താന, സി. റൈഹാനത്ത്, ഒ. സുലാഫ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇവർ കുറ്റക്കാരല്ലെന്ന പുനരന്വേഷണസമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിക്കും. അനധികൃതമായി കൈപ്പറ്റിയ ശമ്പളം 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കണമെന്നും ക്രിമിനൽ കേസ് എടുക്കണമെന്നുമായിരുന്നു ഡി.പി.ഐയുടെ നിർദേശപ്രകാരം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്.
മൂന്ന് അധ്യാപകരും സ്കൂളിൽ ഹാജരാവാതെയും ജോലി ചെയ്യാതെയും നിയമനാംഗീകാരം നേടുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. സ്കൂൾ രേഖകളിൽ വ്യാപക ക്രമക്കേടുകൾ നടത്തിയതായും തെളിവ് സഹിതം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വകുപ്പുതല നടപടിക്കൊപ്പം ക്രിമിനൽ കേസ് എടുക്കണമെന്നുമായിരുന്നു മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ശിപാർശ. ഈ റിപ്പോർട്ട് 2024 ഏപ്രിലിൽ പുറത്തുവന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി നടപടിക്ക് ശിപാർശ ചെയ്തതിനിടെയാണ് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇതോടെ നടപടികൾ മന്ദഗതിയിലായി. തുടർന്ന് പരാതിക്കാരനായ എം. ഹുസൈനാർ ഹൈകോടതിയെ സമീപിച്ചു. സർക്കാർ നടപടി വൈകുന്നതിനെതിരെ ഹൈകോടതി ഇടപെടലുണ്ടായി. തുടർന്ന് പുനരന്വേഷണത്തിന് മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ആർ.എസ്. ഷിബുവിന്റെ നേതൃത്വത്തിൽ ഉപസമിതി നടത്തിയ പുനരന്വേഷണ റിപ്പോർട്ടിലാണ് പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തൽ. ഇരട്ടശമ്പളം കൈപ്പറ്റി എന്ന പരാതിയിൽ കഴമ്പില്ല. രേഖകളിലെ കൃത്രിമം അറവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്. തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ടിലെ ശിപാർശ. അതേസമയം, കുറ്റാരോപിതരെ രക്ഷിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയായിരുന്നെന്നും എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുമെന്നും പരാതിക്കാരനായ എം. ഹുസൈനാർ പറഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധവിഭാഗം നേതാവ് കൂടിയാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.