ദാറുന്നജാത്ത് സ്കൂൾ നിയമന ക്രമക്കേട്; ഡി.ഡി.ഇ റിപ്പോർട്ട് ഗൗരവതരമെന്ന് സർക്കാർ
text_fieldsമലപ്പുറം: കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഗൗരവതരമെന്നും പുനരന്വേഷണ സമിതി റിപ്പോർട്ട് തയാറാക്കി നടപടി പൂർത്തിയാക്കുമെന്നും സർക്കാർ. ഹൈകോടതി അന്ത്യശാസനം നൽകിയതിനെ തുടർന്ന് കോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിലാണ് രണ്ടു മാസത്തിനകം നടപടികൾ പൂർത്തിയാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയത്. ഡി.ഡി.ഇയുടെ അന്വേഷണ റിപ്പോർട്ടിനെതിരെ പരാതിക്കാർ ഹിയറിങ്ങിൽ നൽകിയ വിശദീകരണം സർക്കാർ തള്ളി.
പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ആർ.എസ്. ഷിബു, ജോയന്റ് സെക്രട്ടറി ബി.ടി. ബിജുകുമാർ, സെക്ഷൻ ഓഫിസർ ഗിരീഷ് പറമ്പത്ത് എന്നിവരാണ് നടപടികൾ പൂർത്തിയാക്കുന്നതിനുവേണ്ടിയുള്ള കമ്മിറ്റിയിലെ അംഗങ്ങൾ. കമ്മിറ്റിയുടെ റിപ്പോർട്ട് ശിപാർശകൾ സഹിതം ഒരു മാസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്ന് ഒരു മാസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കുമെന്നും അണ്ടർ സെക്രട്ടറി കെ. അശ്വതി കോടതിയിൽ സമർപ്പിച്ച ഉത്തരവിൽ വ്യക്തമാക്കി.
2024 ഏപ്രിൽ നാലിന് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് സ്കൂളിൽ അതിഗുരുതര ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തിയത്. അധ്യാപകരായ ഒ. സുലാഫ, നിഷാത്ത് സുൽത്താന, സി. റൈഹാനത്ത്, സ്കൂൾ മാനേജർ എൻ.കെ. അബ്ദുറഹ്മാൻ, ഹെഡ്മാസ്റ്റർ എന്നിവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. നിയമനരേഖയിൽ വ്യാപക കൃത്രിമം കാണിച്ച് മുൻകാല പ്രാബല്യത്തോടെ സർക്കാറിൽനിന്ന് ശമ്പളം കൈപ്പറ്റിയെന്നാണ് കേസ്. ഒരു കോടിയിലേറെ രൂപയാണ് ശമ്പള ഇനത്തിൽ തട്ടിപ്പ് നടത്തി കൈക്കലാക്കിയത്. ഇത് 18 ശതമാനം പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കുകയും അധ്യാപകരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കുറ്റക്കാരായ മൂന്ന് അധ്യാപകർക്കും മാനേജർക്കുമെതിരെ ഡി.ഡി.ഇ ക്രിമിനൽ നടപടി ശിപാർശ ചെയ്തിട്ടുണ്ട്. സർക്കാർ നടപടി വൈകിയതിനെ തുടർന്ന് പരാതിക്കാരനായ എം. ഹുസൈനാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കേന്ദ്ര സർക്കാറിന്റെ ഏരിയ ഇന്റൻസിവ് പ്രോഗ്രാം പ്രകാരം അനുവദിച്ച സ്കൂളിലെ അധ്യാപകർക്ക് 2015 മുതൽ അംഗീകാരം നൽകിക്കൊണ്ട് 2019ലാണ് ഉത്തരവിറങ്ങിയത്.
ഈ ഉത്തരവിന്റെ മറവിൽ മൂന്ന് അധ്യാപകർക്ക് വ്യാജരേഖയുണ്ടാക്കി സർക്കാറിൽ സമർപ്പിച്ച് മുൻകാല പ്രാബല്യത്തോടെ ശമ്പളം കൈപ്പറ്റുകയായിരുന്നു. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകൾ ഉൾപ്പെടെ കുറ്റക്കാരായ കേസിൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് നടപടി വൈകുകയായിരുന്നു. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് സർക്കാറിന് പുതിയ ഉത്തരവ് ഇറക്കേണ്ടിവന്നത്. ഡി.ഡി.ഇയുടെ അന്വേഷണ റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും ദാറുന്നജാത്ത് സ്കൂളിനെയും സ്ഥാപനങ്ങളെയും സമൂഹമധ്യേ ഇകഴ്ത്തിക്കാണിക്കാനുള്ള ശത്രുക്കളുടെ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മേയ് അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.