ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താൻ വീണ്ടും വിവര ശേഖരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്തവരുടെ കണക്ക് വീണ്ടും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നു. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശ പ്രകാരമാണ് നടപടി. ഇൗ വർഷം ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലുമായി വന്നുചേരുന്ന വിദ്യാർഥികളെക്കൂടി പരിഗണിച്ചുള്ള കണക്കായിരിക്കും ശേഖരിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം സമഗ്ര ശിക്ഷ കേരളമാണ് (എസ്.എസ്.കെ) സ്കൂൾതലത്തിൽ വിവരശേഖരണം നടത്തുന്നത്. വിക്ടേഴ്സ് ചാനൽ വഴിയോ യൂട്യൂബ് വഴിയോ ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്തവരുടെ കുട്ടികളുടെ എണ്ണമാണ് ശേഖരിക്കുന്നത്.
ബി.ആർ.സി തലത്തിൽ ഹെഡ്മാസ്റ്ററെയും അധ്യാപകരെയും ബന്ധപ്പെട്ടായിരിക്കും ഒാരോ സ്കൂളിെൻറയും വിവരങ്ങൾ ശേഖരിക്കുക. ബി.ആർ.സികൾ ശേഖരിക്കുന്ന കണക്ക് ജില്ലതലത്തിൽ ക്രോഡീകരിച്ച് ഇൗ മാസം 27നകം എസ്.എസ്.കെ സംസ്ഥാന ഒാഫിസിൽ ലഭ്യമാക്കാൻ ജില്ല പ്രൊജക്ട് കോഒാഡിനേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ആദ്യമായി തുടങ്ങിയ ഡിജിറ്റൽ ക്ലാസുകളുടെ മുന്നോടിയായി എസ്.എസ്.കെ നടത്തിയ വിവരശേഖരണത്തിൽ 2,61,784 വിദ്യാർഥികൾക്ക് ഒാൺലൈൻ/ ഡിജിറ്റൽ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. പഠന സൗകര്യമില്ലാതെ വന്നതോടെ മലപ്പുറം വളാഞ്ചേരിയിൽ ഒരു വിദ്യാർഥിനി ജീവനൊടുക്കിയിരുന്നു. ഇതോടെ, സർക്കാറും സന്നദ്ധ സംഘടനകളും ഇടപെട്ട് ഒരു മാസത്തിലേറെ നീണ്ട ശ്രമത്തിനൊടുവിൽ മിക്ക വിദ്യാർഥികൾക്കും പഠന സൗകര്യമൊരുക്കി. പഠന സൗകര്യമില്ലാത്ത ആദിവാസി മേഖലകളിൽ ഉൾപ്പെടെ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കി.
മന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യയോഗത്തിൽ തന്നെ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ വിവരശേഖരണം വീണ്ടും നടത്താൻ വി. ശിവൻകുട്ടി നിർദേശം നൽകുകയായിരുന്നു.
ജൂൺ ഒന്നിനു തന്നെ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.