കോവിഡ് ബാധിതരുടെ വിവരശേഖരണം: സ്പ്രിൻക്ലർ കരാറിലെ വിശദാംശങ്ങൾ തേടി ഹരജി
text_fieldsകൊച്ചി: കോവിഡ് ബാധിതരുടെ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ തേടി ഹൈകോടതിയിൽ ഹരജി. ശേഖരിച്ച വിവരങ്ങൾ കൈകാര്യം ചെയ്യാൻ സ്പ്രിൻക്ലറുമായി വ്യക്തമായ കരാറുണ്ടായിരുന്നോ, രോഗികളുടെ വിവരങ്ങൾ സ്പ്രിൻക്ലർ മറ്റാർക്കെങ്കിലും കൈമാറിയോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാൻ സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹരജി നൽകിയത്.
നേരത്തേ ഇത് സംബന്ധിച്ച് നൽകിയ ഹരജിയിൽ ഉപഹരജിയായാണ് സമർപ്പിച്ചത്.
2020ൽ കോവിഡ് ബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് സ്പ്രിൻക്ലറിന് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവരടക്കം ഹൈകോടതിയെ സമീപിച്ചിരുന്നു. വ്യക്തികളെ തിരിച്ചറിയാനാവാത്ത വിധം വിവരങ്ങളിൽ മാറ്റം വരുത്തിയേ സ്പ്രിൻക്ലർ കമ്പനിക്ക് നൽകാവൂ എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ഇടക്കാല ഉത്തരവിലൂടെ കോടതി നൽകുകയും ചെയ്തു. തുടർന്ന് സ്പ്രിൻക്ലർ കമ്പനിയുമായുള്ള കരാറിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ എം. മാധവൻ നമ്പ്യാർ, കെ. ശശിധരൻ നായർ കമ്മിറ്റികളെ സർക്കാർ നിയോഗിച്ചു. സ്പ്രിൻക്ലർ കമ്പനിക്ക് കൈമാറിയ കോവിഡ് ബാധിതരുടെ വിവരങ്ങൾ വൻ തുകക്ക് വിറ്റതായി സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന വിവരങ്ങൾ സർക്കാർ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടുകളിലുണ്ടെന്ന് ഹരജിയിൽ ആരോപിക്കുന്നു.
രോഗികളുടെ വിവരങ്ങൾ ആമസോൺ വെബ് സർവിസിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് ചില സ്വകാര്യ ഐ.പി വിലാസത്തിലുള്ളവർ വിവരങ്ങൾ പരിശോധിച്ചതായി കമ്മിറ്റി റിപ്പോർട്ടിലുണ്ട്. സ്പ്രിൻക്ലറുമായി നിയമസാധുതയുള്ള കരാർ നിലവിലില്ലെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ ഹൈകോടതിയിൽ അറിയിച്ച വിവരങ്ങൾക്ക് വിരുദ്ധമാണ് ഇക്കാര്യങ്ങൾ.
അതിനാൽ, ഇക്കാര്യം കോടതി പരിശോധിക്കണം. വിവരങ്ങൾ കൈമാറാൻ അനുമതി നൽകിയിരുന്നോ, സ്വകാര്യ ഐ.പി വിലാസത്തിലുള്ളവർ എത്രത്തോളം വിവരങ്ങൾ പരിശോധിച്ചു, ഡേറ്റ കൈമാറ്റത്തിലൂടെയുള്ള സാമ്പത്തിക നേട്ടത്തെക്കുറിച്ച് അന്വേഷണം നടത്തിയോ, സ്പ്രിൻക്ലറുമായി സാധുവായ കരാർ ഉണ്ടാക്കാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.