അർബുദബാധിതരുടെ വിവരശേഖരണം: വെല്ലുവിളിയായി ഡേറ്റ സുരക്ഷ
text_fieldsതൊടുപുഴ: സംസ്ഥാനത്തെ അർബുദ ബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് കേരള അർബുദ രജിസ്ട്രി തയാറാക്കുന്ന പദ്ധതിക്ക് വെല്ലുവിളിയായി ഡേറ്റ സുരക്ഷ. രോഗികളുടെ സ്വകാര്യതയെ ബാധിച്ചേക്കുമെന്ന ആശങ്കയെത്തുടർന്ന് കൂടുതൽ സുസജ്ജമായ സോഫ്റ്റ്വെയർ തയാറാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന സോഫ്റ്റ്വെയർ വികസിപ്പിച്ചെടുക്കാൻ ഇ-ഹെൽത്തിനെ ചുമതലപ്പെടുത്തി.
ആശുപത്രികളെയും ജനസംഖ്യയും അടിസ്ഥാനമാക്കി അർബുദ ബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് രജിസ്ട്രി തയാറാക്കാനുള്ള നടപടികൾക്ക് ഒരുവർഷം മുമ്പാണ് തുടക്കമിട്ടത്. രോഗികളുടെ വിവരങ്ങൾ ആശുപത്രികൾ സ്വന്തംനിലക്ക് ശേഖരിക്കുന്നുണ്ടെങ്കിലും ലക്ഷ്യമിട്ടതുപോലെ വിവരങ്ങൾ സംയോജിപ്പിച്ച് രജിസ്ട്രി എന്ന രൂപത്തിലേക്ക് ഇനിയും കൊണ്ടുവരാനായിട്ടില്ല.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ വിവരങ്ങൾ ഒറ്റ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിധത്തിൽ സോഫ്റ്റ്വെയർ വികസിപ്പിക്കാനാണ് ഇ-ഹെൽത്തിന് നിർദേശം നൽകിയിരുന്നത്.
എന്നാൽ, വിവരങ്ങൾ ഒറ്റ സെർവറിൽ സൂക്ഷിക്കുമ്പോൾ ചോരാനും അത് രോഗികളുടെ സ്വകാര്യതയെ ബാധിക്കാനും സാധ്യതയുള്ളതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വ്യക്തിവിവരങ്ങൾ പുറത്തുപോകാത്ത രീതിയിൽ കുറ്റമറ്റ സോഫ്റ്റ്വെയർ വികസിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ നടപടികൾ പൂർത്തിയാകുന്ന മുറക്കേ വിവരശേഖരണം ആരംഭിക്കൂ.
തിരുവനന്തപുരം ആർ.സി.സി കേന്ദ്രീകരിച്ച് തെക്കൻ മേഖല, കൊച്ചി കാൻസർ ആൻഡ് റിസർച്ച് സെന്റർ കേന്ദ്രീകരിച്ച് മധ്യമേഖല, മലബാർ കാൻസർ സെന്റർ കേന്ദ്രീകരിച്ച് വടക്കൻ മേഖല എന്നിങ്ങനെയാണ് ജനസംഖ്യാധിഷ്ഠിത വിവരശേഖരണം ഉദ്ദേശിക്കുന്നത്. രജിസ്ട്രി സംബന്ധിച്ച പദ്ധതി നിർദേശം തയാറാക്കുന്നത് മലബാർ കാൻസർ സെന്ററാണ്. ഇതുമായി ബന്ധപ്പെട്ട നിയമാവലിയും ഇതിനുപിന്നാലെ സർക്കാർ ഉത്തരവും പുറത്തിറങ്ങേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.