ഭക്ഷ്യവസ്തു പാക്കറ്റിൽ തീയതിയും സമയവും രേഖപ്പെടുത്തണം -ഹൈകോടതി
text_fieldsകൊച്ചി: ആഹാര പദാർഥങ്ങളുടെ പാക്കറ്റുകളിൽ അവ തയാറാക്കിയതിന്‍റെ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണമെന്ന് ഹൈകോടതി. പാകംചെയ്ത ചില ഭക്ഷ്യവസ്തുക്കൾ വൈകി ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുന്നുവെന്നതടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം. പാഴ്സലായും അല്ലാതെയും നൽകുന്ന ഭക്ഷ്യവസ്തുക്കൾക്ക് നിർദേശം ബാധകമാണ്.
നിശ്ചിത സമയപരിധിക്കകം ഭക്ഷണം ഉപയോഗിക്കാൻ ഉപഭോക്താക്കളിൽ അവബോധമുണ്ടാക്കണം. ഇതിനായി ഭക്ഷ്യസുരക്ഷ കമീഷണർ വേണ്ട നടപടികൾ സ്വീകരിക്കണം. നിയമങ്ങളും അധികൃതരുടെയും കോടതിയുടെയും നിർദേശങ്ങളും ലംഘിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും അത് കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
പച്ചമുട്ട ചേർത്ത് മയോണൈസ് ഉണ്ടാക്കുന്നത് നിരോധിച്ച് ജനുവരി 12ന് ഭക്ഷ്യസുരക്ഷ കമീഷണർ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഷവർമ നിർമാണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതടക്കം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ഓൺലൈൻ മുഖേന ഹാജരായ ഭക്ഷ്യസുരക്ഷ കമീഷണർ അഫ്സാന പർവീൻ വിശദീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.