മാതാവ് മരിച്ചതറിയാതെ മകൾ നാലു ദിവസം മൃതദേഹത്തിനൊപ്പം
text_fieldsപത്തനാപുരം: വയോധികമാതാവ് മരിച്ചതറിയാതെ 52കാരിയായ മകൾ നാലുദിവസം മൃതദേഹത്തിനൊപ്പം. കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിൽ പ്ലോട്ട് നമ്പർ 13 ബിയിലെ മറിയാമ്മയാണ് (86) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മകൾ മേരിക്കുട്ടി നാല് ദിവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞു.
മേരിക്കുട്ടിക്ക് ഒറ്റക്ക് സംസാരിക്കുന്ന പതിവുണ്ട്. അതിനാല്‍, സമീപവാസികള്‍ മാതാവിനോടാണ് മകള്‍ സംസാരിക്കുന്നതെന്ന് കരുതി. വെള്ളിയാഴ്ച പകൽ വീടിനു സമീപത്ത് വീണതിനെ തുടർന്ന് മറിയാമ്മയെ അയൽവാസികളും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച അസുഖവിവരം അറിയാൻ അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് മറിയാമ്മ മരിച്ചു കിടക്കുന്നത് കണ്ടത്.
രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന ഭർത്താവ് 18 വർഷം മുമ്പ് മരിച്ചതിനെ തുടർന്നാണ് മേരിക്കുട്ടിയുടെ മനോനിലയില്‍ മാറ്റമുണ്ടായത്. മകളെ മറിയാമ്മയാണ് ശുശ്രൂഷിച്ചിരുന്നത്. അയല്‍വാസികളും പഞ്ചായത്ത് അധികൃതരുമാണ് ഇവര്‍ക്ക് ആഹാരവും മറ്റും നല്‍കിയിരുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാരാണ് മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
പത്തനാപുരം പൊലീസ് നടപടി പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പുതുവല്പള്ളിയിൽ സംസ്കരിച്ചു. മേരിക്കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.