മകളുടെ നിക്കാഹ് ഇന്ന്; അബ്ദുൽ മജീദിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി
text_fieldsമഞ്ചേരി: മകളുടെ നിക്കാഹിനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു അബ്ദുൽ മജീദ്. ശനിയാഴ്ച വൈകീട്ട് ഇരുമ്പുഴിയിലെ വരന്റെ വീടിനടുത്തുള്ള പള്ളിയിൽവെച്ചാണ് ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്.
വീട്ടുമുറ്റത്ത് പന്തലൊരുക്കി മകളെ യാത്രയാക്കാനുള്ള തയാറെടുപ്പിലായിരുന്നു മജീദ്. ഇതിനിടയിലാണ് വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ മജീദിന്റെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയത്.
അഞ്ചു മക്കളില്‍ ഏക മകള്‍ റിന്‍ഷ മറിയത്തിന്റെ നിക്കാഹാണ് ശനിയാഴ്ച നടക്കേണ്ടിയിരുന്നത്. ബന്ധുക്കളെയെല്ലാം നിക്കാഹ് ചടങ്ങിന് ക്ഷണിച്ചിരുന്നു. ബിരുദത്തിന് പഠിക്കുന്ന റിന്‍ഷയെ ഇരുമ്പുഴി സ്വദേശിയായ യുവാവാണ് വിവാഹം ചെയ്യുന്നത്. പിതാവിന്റെ മരണം വിശ്വസിക്കാനാകാതെ റിന്‍ഷയുടെ സഹോദരങ്ങള്‍ ആശുപത്രിയിലെത്തി പൊട്ടിക്കരയുമ്പോള്‍ കണ്ടുനിന്നവര്‍ക്കും തേങ്ങലടക്കാനായില്ല. പരസ്പരം ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിതുമ്പലടക്കി. കുടുംബത്തിന്റെ ഉപജീവന മാർഗം ഓട്ടോറിക്ഷ ആയതിനാലാണ് ശനിയാഴ്ച നിക്കാഹായിട്ട് കൂടിയും ഓട്ടോ ഓടിക്കാൻ നിരത്തിലിറങ്ങിയത്. കിഴക്കേത്തലയിൽനിന്ന് പുല്ലൂരിലേക്കുള്ള യാത്രാമധ്യേ ചെട്ടിയങ്ങാടിയിൽവെച്ചാണ് അപകടം. നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടയാളായിരുന്നു മജീദ്.
വര്‍ഷങ്ങളായി മഞ്ചേരിയില്‍ ഓട്ടോ ഓടിക്കുന്ന മജീദിനെ കിഴക്കേത്തലയുള്പ്പെടെയുള്ള മഞ്ചേരിയിലെ സമീപപ്രദേശങ്ങളിലുള്ളവർക്ക് സുപരിചതനായിരുന്നു. മഞ്ചേരി ബസ് സ്റ്റാൻഡിന് സമീപമുള്ള യതീംഖാന ഓട്ടോ ട്രാക്കിലാണ് ഓട്ടോ ഇടാറുള്ളത്. അതുകൊണ്ട് തന്നെ കിഴക്കേത്തലയിലുള്ള പരിചയക്കാര് മജീദിനെ തേടിയെത്തും. വെള്ളിയാഴ്ചയും പതിവുപോലെ പരിചയത്തിലാണ് മജീദിനെ വിളിച്ചത്. ആ യാത്രയാണ് ഒരുപാട് പേരുടെ സ്വപ്നങ്ങൾ പാതിവഴിയിലാക്കി അഞ്ചംഗ സംഘത്തെ മരണം തട്ടിയെടുത്തത്.
മകളുടെ നിക്കാഹ് ചടങ്ങിനായി ഒരുക്കിയ പന്തലിലേക്കാവും പിതാവിന്റെ ചേതനയറ്റ ശരീരം എത്തിക്കുകയെന്നത് ദുരന്തത്തിന്റെ ആഴം ഇരട്ടിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.