ആംബുലൻസിലെത്തി എസ്.എസ്.എൽ.സി പരീക്ഷയെഴുതി ദാവൂദ് അമൻ
text_fieldsകളമശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയവെ ആംബുലൻസിൽ പരീക്ഷ എഴുതാനെത്തി എസ്.എസ്.എൽ.സി വിദ്യാർഥി. കളമശ്ശേരി എച്ച്.എം.ടി കോളനി പെരിങ്ങഴക്ക് സമീപം പള്ളിപ്പറമ്പിൽ സുധീറിന്റെ മകൻ ദാവൂദ് അമനാണ് (15) പിതാവിനൊപ്പം സന്നദ്ധ സംഘടന പ്രവർത്തകരുടെ സഹായത്തോടെ സ്കൂളിലെത്തി പരീക്ഷയെഴുതി മടങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച യാണ് ദാവൂദ് അമൻ അപകടത്തിൽ പെട്ടത്. കളമശ്ശേരി എച്ച്എംടി ഹൈസ്കൂളിൽ നിന്നും പരീക്ഷയെഴുതി സുഹൃത്തിന്റെ സ്കൂട്ടറിൽ മടങ്ങും വഴി എച്ച്.എം.ടി മെഡിക്കൽ കോളജ് റോഡിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചാണ് അപകടം. ഉടനെ മെഡിക്കൽ കോളജിലെത്തിക്കുകയും പ്രാഥമിക ചികിത്സകൾക്ക് ശേഷം തുടർ ചികിത്സക്കായി എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പാദത്തിനു മുകളിലെ രണ്ട് എല്ലുകൾക്ക് ഒടിവ് സംഭവിച്ചതിനാൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. തുടർന്നുള്ള പരീക്ഷകൾ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം നഷ്ടമാകുമെന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതരുടേയും ഡോക്ടർമാരുടേയും സഹകരണത്തോടെ കരിങ്ങാം തുരുത്ത് തണൽ വാഹനത്തിൽ ഐ.ആർ.ഡബ്ല്യു പ്രവർത്തകൻ സിറാജുദ്ദീൻ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. രാവിലെ ഒമ്പതോടെ ആശുപത്രിയിൽ നിന്നും ആംബുലൻസിൽ സ്കൂളിലെത്തി ബയോളജി പരീക്ഷയെഴുതി 11.30 ഓടെ മടങ്ങി. ആശുപത്രിയിലായിരുന്നതിനാലും ഓപ്പറേഷൻ നടന്നതുകൊണ്ടും പഠിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും പരീക്ഷ കുഴപ്പമില്ലാതെ എഴുതാനായതായി ദാവൂദ് അമൻ പറഞ്ഞു. തിങ്കളാഴ്ചത്തെ അവസാന പരീക്ഷയും എഴുതാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് സുധീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.