ആശങ്ക ഇല്ലാതെ രണ്ടാം ദിനവും : പെരിയാറിൽ ജലനിരപ്പ് സാധാരണ നിലയിൽ
text_fieldsകൊച്ചി : ഇടമലയാർ ഡാമും ചെറുതോണി ഡാമും തുടർച്ചയായി രണ്ടാം ദിനവും വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും പെരിയാറിലും കൈ വഴികളിലും ജലനിരപ്പ് സാധാരണ നിലയിൽ തന്നെ. മഴ മാറി നിന്നതും ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി പെരിയാറിന്റെ കൈ വഴികളിലെ എക്കൽ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കിയതും നദീ മുഖത്തെ ഒഴുക്ക് ക്രമപ്പെടുത്തിയതും വെള്ളത്തിന്റെ ഒഴുക്കിനെ വേഗത്തിലാക്കി.
ഇടമലയാർ ഡാമിൽ നിന്ന് 350 ക്യൂമെക്സ് വെള്ളവും ചെറുതോണി അണക്കെട്ടിൽ നിന്ന് 330 ക്യൂമെക്സ് വെള്ളവുമാണ് ഒഴുക്കി വിടുന്നത്. ചെറുതോണി അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിനൊപ്പം ലോവർ പെരിയാറിൽ നിന്നുള്ള വെള്ളവും ചേരുമ്പോൾ പുറത്തേക്കൊഴുകുന്ന ജലം 550 ക്യൂമെക്സിന് മുകളിലെത്തും.
ഇടമലയാർ ഡാമിൽ നിന്നും ചെറുതോണി ഡാമിൽ നിന്നുമുള്ള വെള്ളം ഭൂതത്താൻ കെട്ടിലെത്തിയ ശേഷം 1500 ക്യൂമെക്സിനടുത്തു വെള്ളമാണ് പെരിയാറിൽ കൂടി ഒഴുകുന്നത്. വെള്ളം സുഗമമായി ഒഴുകുന്നതിനാൽ ഒരു സ്ഥലത്തും ജല നിരപ്പിൽ ഉയർച്ച പ്രകടമായില്ല. ജലനിരപ്പ് ഉയർന്നില്ലെങ്കിലും പെരിയാറിലെ ഒഴുക്ക് ശക്തമാണെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതിനാൽ പുഴയിലും കൈ വഴികളിലും ഇറങ്ങുന്നതിനു കർശന നിരോധനമുണ്ട്.
ജില്ലാ .അടിയന്തര ഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ യഥാസമയം പെരിയാറിലെ ജല നിരപ്പ് വിലയിരുത്തി വരികയാണ്. നിലവിൽ ജില്ലയിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.