കേരളത്തിലെ റോഡിൽ ഒരു ദിനം പൊലിയുന്നു
text_fieldsമലപ്പുറം: കേരളത്തിൽ ഓരോ ദിവസവും വാഹനാപകടങ്ങളിൽ പൊലിയുന്നത് 11 ജീവനുകളെന്ന് കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ കണക്ക്. പ്രതിദിനം ശരാശരി 120 അപകടങ്ങൾ നിരത്തുകളിൽ നടക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കാലം എത്തിയതോടെ റോഡപകടങ്ങൾ വർധിക്കാനാണ് സാധ്യത. അമിത വേഗവും അശ്രദ്ധയുമെല്ലാം മഴക്കാലത്ത് കൂടുതൽ അപകടങ്ങൾ വരുത്തിവെക്കുന്നുണ്ട്.
ലഭ്യമായ കണക്കുകൾ പ്രകാരം 2023ൽ സംസ്ഥാനത്ത് 16,528 റോഡപകടങ്ങളിലായി 1447 പേർക്കാണ് ജീവൻ നഷ്ടമായത്. 19,015 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 43,910 റോഡപകടങ്ങളിൽ 4317 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
വിവിധ റോഡുകളിൽ മഴക്കാലത്തും അറ്റകുറ്റപ്പണികളും വികസനവും നടക്കുന്നതിനാൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 33 അപകടങ്ങളിലായി ഏഴുപേർ മരിച്ചതായും 27 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് നൽകുന്ന വിവരങ്ങളിലുണ്ട്. എന്നാൽ, ഇതിലധികം അപകടങ്ങൾ മഴക്കാലത്തും പ്രതികൂല കാലാവസ്ഥയിലും സംഭവിക്കുന്നുണ്ടെന്നാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം ജൂണിൽ മാത്രം 3714 അപകടങ്ങളിൽ 344 പേർ സംസ്ഥാനത്ത് മരിച്ചിരുന്നു. 2022ൽ ദേശീയ പാതയിൽ 9576 അപകടങ്ങളും സംസ്ഥാനപാതയിൽ 9441 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർഷക്കാലത്തെ അപകടങ്ങൾ കുറക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പുമടക്കം സുരക്ഷ നിർദേശങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
മഴക്കാല റോഡ് സുരക്ഷക്ക് ശ്രദ്ധിക്കാം
- കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുക
- ടയറുകൾക്ക് ആവശ്യമായ ത്രഡ് ഉണ്ടെന്ന് ഉറപ്പുവരുത്തുക
- യാത്രയിൽ മുന്നിലുള്ള വാഹനത്തിൽനിന്ന് സുരക്ഷിത അകലം പാലിക്കുക
- റോഡിൽ ആരെങ്കിലും അപകടത്തിൽ പെട്ടാൽ അവരെ സഹായിക്കുക
മഴക്കാല യാത്രയിൽ ജാഗ്രത വേണം
- മഴയത്ത് അമിത വേഗവും ഓവർടേക്കിങ്ങും ഒഴിവാക്കുക
- വെള്ളക്കെട്ടുള്ള റോഡിലൂടെ ഓടിക്കുമ്പോൾ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക
- നനവുള്ള നിരത്തിൽ ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കാൻ കൂടുതൽ ദൂരം എടുക്കുന്നതിനാൽ വേഗം കുറച്ച് ഓടിക്കുക
- ആംബുലൻസ്, അഗ്നിശമനസേന, പൊലീസ് തുടങ്ങി ആത്യാവശ്യ നമ്പറുകൾ സ്പീഡ് ഡയലിൽ ഉറപ്പാക്കുക
- മഴക്കാലത്ത് കാഴ്ച മറയ്ക്കുന്ന രീതിയിൽ വെള്ളം തെറിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്
- വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പർ, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ നല്ലരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
- പഴയതും തേഞ്ഞതുമായ വൈപ്പർ മാറ്റിസ്ഥാപിക്കുക
- വാഹനത്തിൽ ആവശ്യമായ ഇന്ധനം കരുതുക
- മലമ്പ്രദേശത്ത് ഓടുന്ന വാഹനങ്ങളിൽ ഫോഗ് ലാമ്പ്, പുകമഞ്ഞിൽ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
- വാഹനം ഓടിക്കാൻ തുടങ്ങുന്നതിനു മുമ്പ് കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കണം
- വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പോലെയുള്ള സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.