ദയാബായിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളി -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ജനാധിപത്യത്തോടുള്ള സർക്കാറിന്റെ വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി.
സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടെയായിരുന്നു ദയാബായിക്കെതിരായ പൊലീസ് നടപടി. കേരളം കേന്ദ്രത്തിനു നൽകിയ എയിംസ് പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക,
വിദഗ്ധ ചികിത്സാ സംവിധാനം ജില്ലയിൽ തന്നെ ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും മുഴുവൻ ഗ്രാമപഞ്ചായത്ത് നഗരസഭകളിലും ദിനപരിചരണകേന്ദ്രങ്ങൾ ആരംഭിക്കുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ദയാബായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
സമരം ചെയ്യാനുള്ള പൗരാവകാശ നിഷേധമാണ് പെട്ടെന്നുള്ള ഈ അറസ്റ്റിലൂടെ പൊലീസ് നടത്തിയിരിക്കുന്നത്.
സമരസമിതിയോടൊപ്പം നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് ദയാബായിയെ വിട്ടയച്ചെങ്കിലും ദയാബായി ഏറ്റെടുത്ത വിഷയങ്ങളിൽ സർക്കാർ പരിഹാരം കാണാൻ തയാറാകുന്നില്ലെങ്കിൽ ജനകീയപ്രതിഷേധ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അൻസാരി അറിയിച്ചു.
ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, കോർപറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ്, കോർപറേഷൻ ഭാരവാഹികളായ സൈഫുദ്ദീൻ പരുത്തിക്കുഴി, ഷാജി അട്ടക്കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.