എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി: സർക്കാർ ഉറപ്പിൽ വിശ്വസിച്ച് ദയാബായി സമരം നിർത്തി
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്ചയിലേറെയായി നടത്തിവന്ന നിരാഹാര സമരം താൽകാലികമായി അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിർത്തുന്നതെന്ന് ദയാബായി പറഞ്ഞു.
എയിംസ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്. ആദ്യത്തെ രേഖയിൽ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോൾ തിരുത്തി നൽകിയെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ചയായി ദയാബായി സമരം നടത്തിയിരുന്നത്. കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക തുടങ്ങിയ 90 ഓളം ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
ദയാബായി പ്രക്ഷോഭത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ
തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കായി ദയാബായി നയിച്ച പ്രക്ഷോഭം അവസാനിപ്പിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ :
• കാസർകോട് ജില്ലയിലെ ഗവ. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ എൻഡോ സൾഫാൻ ബാധിതർക്ക് ചികിത്സക്ക് മുൻഗണന നൽകുന്നുണ്ട്. ഇത് തുടർന്നും നൽകും.
• കാസർകോട് ടാറ്റാ ട്രസ്റ്റ് ആശുപത്രിയും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും പൂർണമായും സജ്ജമാകുന്ന മുറക്ക് എൻഡോസൾഫാൻ ബാധിതർക്ക് മറ്റ് ആശുപത്രികളിൽ നൽകുന്ന മുൻഗണന ഇവിടെയും നൽകും.
• എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നം കൂടി കണക്കിലെടുത്ത് കാസർകോട് ജില്ലയിൽ ന്യൂറോളജി ചികിത്സ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പരമാവധി ഒരു വർഷത്തിനുള്ളിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സ്ഥലം ലഭ്യമാകുന്ന മുറക്ക് ഉപകരണങ്ങൾ സ്ഥാപിച്ച് ചികിത്സ സൗകര്യം വിപുലപ്പെടുത്തും.
• കാസർകോട് മെഡിക്കൽ കോളജിന്‍റെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.
• ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബഡ്സ് സ്കൂളുകളിലും ദിനപരിചരണത്തിന് പ്രത്യേക സംവിധാനമൊരുക്കും.
• എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനുള്ള അപേക്ഷ രണ്ടുമാസത്തിനുള്ളിൽ സമർപ്പിച്ചാൽ അഞ്ചുമാസത്തിനകം ഇക്കാര്യം പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.