ആശുപത്രിയിലും സമരം തുടർന്ന് ദയാബായി
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ നിരാഹാരസമരം തുടരുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് നൽകിയ ഉറപ്പുകളിൽ സർക്കാറിന്റെ ഉരുണ്ടുകളി. തിങ്കളാഴ്ച സമരസമിതിക്ക് സർക്കാർ രേഖയായി കൈമാറിയ തീരുമാനങ്ങളിൽ ഉറപ്പുകൾ പലതും പരിഗണനയിലേക്ക് മാറിയതോടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് ദയാബായി പിന്മാറി. ഇതോടെ ആശുപത്രി കിടക്കയിലും 82കാരിയുടെ സമരം 16 ദിവസം പിന്നിട്ടു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജനറൽ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജും സാമൂഹിക ക്ഷേമ മന്ത്രി ആർ. ബിന്ദുവും പരമാവധി ഒരു വര്‍ഷത്തിനകം കാസർകോട്ട് ന്യൂറോളജി ചികിത്സ സൗകര്യം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ സർക്കാർ സമരസമിതിക്ക് കൈമാറിയ രേഖയിൽ ഏതെങ്കിലും ആശുപത്രിയിൽ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഒരു വർഷത്തിനുള്ളിൽ ന്യൂറോളജി ചികിത്സ നൽകുമെന്നാണുള്ളത്. മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി, ടാറ്റ ആശുപത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവ ഉണ്ടായിരിക്കെ സ്ഥലം ലഭ്യമല്ലെന്ന് കാണിച്ച് ഭാവിയിൽ ഉറപ്പുകളിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണിതെന്നും അതിനാൽ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയുടെ പേര് രേഖകളിൽ വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ജില്ലയിലെ എല്ലാ പഞ്ചായത്തിലും പകല്‍ പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാൻ തദ്ദേശ ഭരണ വകുപ്പുമായി ആലോചിച്ച് നിർദേശം നല്‍കാമെന്നും ബഡ്സ് സ്കൂളുകളോട് അനുബന്ധമായി ബഡ്സ് റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി ബിന്ദു ഉറപ്പുനല്‍കിയിരുന്നു. എന്നാൽ, രേഖയിൽ ഗ്രാമപഞ്ചായത്ത്/ നഗരസഭകളിലും ബഡ്സ് സ്കൂളുകളും ദിനപരിചരണത്തിന് പ്രത്യേക സംവിധാനവും ഒരുക്കുന്ന കാര്യം പരിഗണിക്കാമെന്ന് മാത്രമേ ഉള്ളൂ. സാമൂഹിക സുരക്ഷ മിഷന്റെ ആഭിമുഖ്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചവർക്ക് രണ്ടുമാസത്തിനുള്ളിൽ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാമെന്നായിരുന്നു മറ്റൊരു ഉറപ്പ്. എന്നാൽ, രണ്ടു മാസത്തിനുള്ളിൽ അപേക്ഷ പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നാണ് രേഖ. അഞ്ചു വർഷമായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ സർക്കാർ പരിശോധിക്കുന്നതല്ലാതെ ക്യാമ്പുകൾ സംഘടിപ്പിക്കാറില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.