ദയാബായിയുടെ സമരം: എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളിലും ഉറപ്പുനൽകി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായി ഉന്നയിച്ച നാല് ആവശ്യങ്ങളിൽ എയിംസ് കാസർകോട്ട് സ്ഥാപിക്കലൊഴികെ എല്ലാ ആവശ്യങ്ങളിലും ഉറപ്പുനൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഗണിക്കുമെന്നല്ല, കൃത്യമായ ഉറപ്പാണ് നൽകിയതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദയാബായിയുടെ സമരത്തോട് അനുഭാവ സമീപനമാണ് സർക്കാറിന്. അതിന്‍റെ ഭാഗമായി രണ്ട് മന്ത്രിമാർ ഇടപെട്ട് ചർച്ച നടത്തി രേഖാമൂലം ഉറപ്പുനൽകി. എൻഡോസൾഫാൻ ബാധിതരുടെ ദുരിതം പരിഹരിക്കണമെന്നാണ് സർക്കാറിന്‍റെ നിലപാട്. അതിന്‍റെ ഭാഗമായി ആനുകൂല്യങ്ങൾ ദുരിതബാധിതർക്ക് നൽകുന്നത് തുടരും. എയിംസുമായി ബന്ധപ്പെട്ടതൊഴികെ മറ്റ് മൂന്നും നടപ്പാക്കുമെന്ന ഉറപ്പാണ് നൽകിയത്. ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും, വിവിധ ആശുപത്രികളിൽ ദുരിതബാധിതർക്ക് പ്രത്യേക മുൻഗണന ഉറപ്പാക്കുന്നത് തുടരും, കാഞ്ഞങ്ങാട്ട് സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂർത്തിയാകുമ്പോൾ മറ്റ് ആശുപത്രികൾക്കുള്ള സൗകര്യം അവിടെയും നൽകും, ടാറ്റാ ട്രസ്റ്റ് ആശുപത്രിയിൽ പ്രത്യേക സംവിധാനമൊരുക്കും, പകൽ പരിചരണ കേന്ദ്രത്തിന് പ്രത്യേക പരിഗണന നൽകും എന്നിങ്ങനെ ഉറപ്പുകൾ നൽകി.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സകൂളുകളുണ്ട്. അവ പകൽ പരിചരണ കേന്ദ്രങ്ങളാക്കും. എയിംസ് കോഴിക്കോട്ട് തീരുമാനിച്ചതാണ്. അതിൽ മാറ്റമില്ല. ഉറപ്പുകളിലൊന്നിലും അവ്യക്തതയില്ല. സാഹചര്യം മനസ്സിലാക്കി സമരത്തിൽനിന്ന് പിന്മാറുകയാണ് ചെയ്യേണ്ടത്. ദയാബായി തെറ്റിദ്ധാരണയിലാണെന്ന് തോന്നുന്നു. അവരെ മനസ്സിലാക്കിക്കാൻ കൂടെ നിൽക്കുന്നവർ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.