ദയാബായിയുടെ സമരം: തെളിഞ്ഞത് കാസർകോടിെൻറ നിസ്സഹായത
text_fieldsകാസർകോട്: ദയാബായി സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരം തുടങ്ങിയതോടെ തെളിഞ്ഞത് കാസർകോടിന്റെ നിസ്സഹായത. ആധുനിക ചികിത്സ സൗകര്യങ്ങളിലെ കുറവുകൾക്കു പുറമെ വഞ്ചനയുടെകൂടി കഥകളാണ് അത്യുത്തരദേശത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. സമരം നിർത്താൻ എന്തു വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുമ്പോഴും കാസർകോടിന്റെ കാര്യത്തിൽ അതെല്ലാം ജലരേഖയാവുകയാണ് പതിവ്. പരമോന്നത കോടതിയിൽപോലും കാസർകോട്ട് ഇല്ലാത്ത നേട്ടങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതാണ് നേരത്തേ കണ്ടത്. അതുകൊണ്ടുതന്നെ കാസർകോടിന്റെ കാര്യത്തിൽ എന്തുറപ്പു നൽകിയായും നാട് അവിശ്വസിക്കുകയേ ഉള്ളൂ.
കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ നടപ്പാക്കുമെന്നാണ് സമരം നിർത്താനുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 2013 നവംബർ 30ന് തറക്കല്ലിട്ട കോളജിന്റെ ആശുപത്രി കെട്ടിടംപോലും ഇതുവരെ പൂർത്തിയായില്ല. ഒപ്പം പ്രഖ്യാപിച്ച ഇടുക്കി, മഞ്ചേരി, പത്തനംതിട്ട മെഡിക്കൽ കോളജുകൾ ബഹുദൂരം മുന്നോട്ടുപോയപ്പോൾ കാസർകോട്ടേത് പണിപോലും കഴിഞ്ഞില്ല. പണി പൂർത്തിയാക്കിയ ഭരണകാര്യാലയ ബ്ലോക്കിൽ കോവിഡ് കാലത്ത് താൽക്കാലികമായി തുടങ്ങിയ ഒ.പി സേവനമാണ് ഇപ്പോഴുമുള്ളത്. ആകെയുള്ളത് 11 ഡോക്ടർമാർ. ഇവിടേക്ക് അനുവദിച്ച ജീവനക്കാർ സംസ്ഥാനത്ത് പലയിടത്തുമായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകളിലാണ് ഇല്ലാത്ത സൂപ്പർ സ്‍പെഷാലിറ്റി സൗകര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയും കാസർകോട് ജനറൽ ആശുപത്രിയും സൂപ്പർ സ്‍പെഷാലിറ്റി ആശുപത്രികളെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. രണ്ടിടത്തുമായി രണ്ടു ന്യൂറോളജിസ്റ്റുമാരെ നിയമിച്ചെങ്കിലും ഒരാൾ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. രണ്ടിടത്തും സാങ്കേതിക സൗകര്യവുമില്ല. മംഗൽപാടി, പനന്തടി സി.എച്ച്.സികൾ താലൂക്ക് ആശുപത്രിയാക്കിയെന്നാണ് അടുത്ത അവകാശവാദം. ബോർഡ് മാറ്റിയതല്ലാതെ രണ്ടിടത്തും ഒരു സൗകര്യവുമില്ല. കാസർകോട്ടും പരിയാരത്തുമായി രണ്ടു മെഡിക്കൽ കോളജുകൾ ഉണ്ടെന്നും ജില്ല ആശുപത്രിയിൽനിന്ന് 22 കി.മീ. ആണ് പരിയാരത്തേക്കുള്ള ദൂരമെന്നുംവരെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്. കാസർകോട് ഇല്ലാത്ത ഒട്ടേറെ കാര്യങ്ങൾ പരമോന്നത കോടതിയിൽപോലും അവകാശപ്പെടുന്നവർ നൽകുന്ന വാഗ്ദാനം എങ്ങനെ വിശ്വസിക്കുമെന്നാണ് സമരസമിതിക്കാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.