അച്ഛനോടും മകനോടും പരാജയം ഏറ്റുവാങ്ങി ഡി.സി.സി ജനറൽ സെക്രട്ടറി
text_fieldsനീലേശ്വരം: ഇതുപോലെയുള്ള പരാജയം ഒരു നേതാവിനും വരുത്തല്ലേ എന്നാണ് കടിഞ്ഞിമൂലയിലെ നാട്ടുകാർ പറയുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിയും നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ഈ നഗരസഭ തെരഞ്ഞെടുപ്പിൽ നീലേശ്വരത്ത് യു.ഡി.എഫിനെ നയിച്ച മാമുനി വിജയെൻറ പരാജയമാണ് കോൺഗ്രസ് പ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാക്കിയത്.
നഗരസഭ വാർഡ് 23 കടിഞ്ഞിമൂലയിൽ നിന്ന് 2005, 2020 വർഷം നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടിലും പരാജയപ്പെടുകയായിരുന്നു. ഒരു തവണ തോൽപിച്ചത് അച്ഛനും രണ്ടാമത് മകനുമാണെന്ന പ്രത്യേകതയുമുണ്ട്. 2005 ൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച പിതാവ് കെ.വി. അമ്പാടിയോട് 21 വോട്ടിനാണ് മാമുനി വിജയൻ പരാജയപ്പെട്ടതെങ്കിൽ ഇത്തവണ മകൻ വിനയരാജ് 11 വോട്ടിന് തോൽപിച്ചു.
ബുധനാഴ്ച രാജാസ് ഹൈസ്കൂൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർഥിയായ മാമുനി വിജയൻ എത്താതിരുന്നത് പരാജയം മുന്നിൽക്കണ്ടാണെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
കോവിഡ് കാലത്തും പ്രളയകാലത്തും നാട്ടുകാർക്ക് മരുന്നും ഭക്ഷണ സാധനങ്ങളും വിതരണ ചെയ്യാൻ വിനയ രാജാണ് കടിഞ്ഞിമൂലയിൽ നേതൃത്വം നൽകിയത്.
കടിഞ്ഞിമൂല വോളിബാൾ ടീം ക്യാപ്റ്റൻ കൂടിയാണ്. 2008 മുതൽ 2017 വരെ കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച വിനയരാജ് ഇപ്പോൾ പിതാവായ അമ്പാടിയുടെ നിടുങ്കണ്ടയിൽ പ്രവർത്തിക്കുന്ന കുമ്മായം നിർമാണ ഫാക്ടറിയിൽ ജോലിചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.