കാലുവാരൽ: കോൺഗ്രസിൽ പൊട്ടിത്തെറി; ഡി.സി.സി ജനറൽ സെക്രട്ടറി രാജിവെച്ചു
text_fieldsഅടൂർ: കോൺഗ്രസിെൻറ കനത്ത പതനത്തിനു പിന്നാലെ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ പരാജയപ്പെട്ട സ്ഥാനാർഥിയുമായ സുധ കുറുപ്പ് പാർട്ടിയിൽനിന്ന് രാജിെവച്ചു. 40 വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ചുവന്ന ജില്ല പഞ്ചായത്ത് മുൻ അംഗം കൂടിയാണ് സുധ കുറുപ്പ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരി തോൽപിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് പാർട്ടിയിൽനിന്ന് രാജിെവച്ചത്. സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ഇവർ പറഞ്ഞു.
ഇത്തവണ എതിർ സ്ഥാനാർഥിയായിരുന്ന സി.പി.ഐയിലെ ശ്രീനാദേവി കുഞ്ഞമ്മ 4000 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് എതിർ സ്ഥാനാർഥിക്ക് ഇത്രയധികം ഭൂരിപക്ഷം ഉണ്ടാകാൻ കാരണമെന്നാണ് സുധ കുറുപ്പ് പറയുന്നത്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചില നേതാക്കൾ സീനിയോറിറ്റി പരിഗണിക്കാതെ നീതികേട് കാണിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
ജില്ല പഞ്ചായത്തിൽ മത്സരിക്കാൻ പാർട്ടിക്കാരെ കിട്ടാതെ വന്നപ്പോൾ മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് രംഗത്തിറങ്ങിയത്. വോട്ട് ചോദിക്കാൻ പോലും ആരും വീടുകയറിയില്ല. സ്വന്തം പണം ചെലവാക്കി അടിച്ച പോസ്റ്ററുകളും നോട്ടീസും ഏറ്റുവാങ്ങാൻ പോലും നേതാക്കളിൽ പലരും തയാറായില്ല. പോസ്റ്ററുകൾ എങ്ങും ഒട്ടിക്കാൻ പാർട്ടിക്കാർ സഹായിച്ചില്ല. തുടർന്ന് ജില്ല ഡിവിഷൻ മുഴുവൻ കൂലിക്ക് ആളെെവച്ച് പോസ്റ്ററും മറ്റും സ്ഥാപിക്കേണ്ടിവന്നു. സ്വീകരണ യോഗങ്ങളിൽ സ്ഥാനാർഥികൾക്ക് ഒരുമിനിറ്റ് പോലും സംസാരിക്കാൻ അവസരം നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.
മണ്ഡലം ബ്ലോക്ക്, ജില്ല നേതൃത്വങ്ങൾ ഒരിക്കൽ പോലും തെരഞ്ഞെടുപ്പ് രംഗത്ത് പിന്തുണച്ചില്ല. പാർലമെൻറ് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും നേതാക്കന്മാർക്ക് ജനപ്രതിനിധിയാകാനുള്ള അവസരത്തിൽ എല്ലാ പ്രവർത്തകരും അതേറ്റെടുത്ത് വിജയിപ്പിക്കും. സാധാരണ പ്രവർത്തകർ രംഗത്തിറങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ അവരെ സഹായിക്കാൻ ഒരു നേതാവും എത്താറില്ല. ഇതാണ് കോൺഗ്രസിലെ അവസ്ഥ. കോൺഗ്രസിനെ പരാജയപ്പെടുത്തിയത് പാർട്ടിയിലെ വിവിധ തലങ്ങളിലെ നേതാക്കന്മാരാണെന്ന് അവർ കുറ്റപ്പെടുത്തി. രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയ സംഘമായി നേതൃത്വം അധഃപതിച്ചതായും അവർ ആരോപിച്ചു.
ഇവരുടെ രാജിയോടെ പള്ളിക്കലിൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലാകും. ജില്ലയിലെ തന്നെ തലമുതിർന്ന വനിത നേതാവിെൻറ രാജി വരുംദിവസങ്ങളിൽ പൊട്ടിത്തെറികൾക്ക് ഇടയാക്കും. പള്ളിക്കലിലെ സംഘടന പ്രവർത്തനം വളരെ മോശമാണെന്ന അഭിപ്രായം പ്രവർത്തകരിൽ ഉണ്ട്. നേരത്തേയുള്ള സജീവ പ്രവർത്തകരാരും ഇപ്പോൾ പള്ളിക്കലിൽ ഇല്ല. നാലോ അഞ്ചോ നേതാക്കന്മാരാണ് തീരുമാനം എടുക്കുന്നത്. ഇതിൽ സാധാരണ പ്രവർത്തകർ അസംതൃപ്തരാണ്. തെരഞ്ഞെടുപ്പിന് പേരിന് ഒരുമണ്ഡലം കൺെവൻഷൻ ചേർന്നതല്ലാതെ മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങൾ നടന്നില്ല. പള്ളിക്കലിൽനിന്ന് നിരവധി ബ്ലോക്ക് ഭാരവാഹികൾ ഉണ്ടായിട്ടും ഒരാൾക്കുപോലും പ്രചാരണ ചുമതല നൽകി മുന്നോട്ടുപോകാൻ നടപടിയുണ്ടായില്ല. സ്ഥാനം അലങ്കാരമായി കൊണ്ടുനടക്കാൻ കഴിയില്ലെന്നും പകരം വാർഡിൽ പ്രവർത്തിക്കുമെന്നും പറഞ്ഞ് പള്ളിക്കലിൽനിന്നുള്ള ബ്ലോക്ക് സെക്രട്ടറി രതീഷ് സതാനന്ദനും സ്ഥാനം രാജിെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.