പരസ്യപ്രതികരണത്തിനില്ല, അഭിപ്രായം പാർട്ടി വേദിയിൽ മാത്രം -മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: ഡി.സി.സി അധ്യക്ഷന്മാരെ നിയമിച്ചതിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ പരസ്യപ്രതികരണത്തിനില്ലെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്‍റെ അഭിപ്രായം അറിയിച്ചുകഴിഞ്ഞു. പാർട്ടി വേദിയിൽ എന്‍റെ സത്യസന്ധവും നിർഭയവുമായ അഭിപ്രായം രേഖപ്പെടുത്തും. അതിലപ്പുറം ഇക്കാര്യത്തിൽ മറ്റൊരു പ്രതികരണവുമില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡി.സി.സി അധ്യക്ഷപ്പട്ടിക വന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി പോരടിച്ചതിൽ ഹൈകമാൻഡിന് കടുത്ത അതൃപ്തിയാണുള്ളത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പട്ടികയെ വിമർശിച്ചതും ഇവർക്കെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരനും വി.ഡി. സതീശനും രംഗത്തെത്തിയതും സംസ്ഥാന കോൺഗ്രസിൽ സമീപകാലത്തുണ്ടാകാത്ത വിധം പ്രതിസന്ധിയുയർത്തിയിരിക്കുകയാണ്.
മതിയായ ചർച്ചകൾ കൂടാതെയാണ് ഡി.സി.സി അധ്യക്ഷ പട്ടിക തീരുമാനിച്ചതെന്നാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിമർശിച്ചത്. ഇതോടെ നിരവധി എ, ഐ ഗ്രൂപ്പ് നേതാക്കൾ ഇവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ, ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മറുപടി നൽകിയിരുന്നു. ഉമ്മൻചാണ്ടിയിൽ നിന്ന് ഇത്തരമൊരു പരസ്യ പ്രസ്താവന പാടില്ലായിരുന്നുവെന്ന് പറഞ്ഞ സുധാകരൻ ചർച്ച നടത്തിയതിന്‍റെ തെളിവുകളും ഉയർത്തിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇരുവരെയും വിമർശിച്ചു. ഇരുവരും നൽകുന്ന പട്ടികയിലെ പേരുകൾ വീതിച്ചുനൽകാനല്ല തങ്ങളിവിടെ ഇരിക്കുന്നതെന്ന് സതീശൻ പറഞ്ഞു. കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കൾ പട്ടികയെ അനുകൂലിച്ചാണ് നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.