ഡി.സി.സി ഭാരവാഹി പ്രഖ്യാപനം ഉടൻ; അന്തിമപട്ടിക തയാറാക്കാൻ രാപകൽ അധ്വാനവുമായി നേതൃത്വം
text_fieldsതിരുവനന്തപുരം: മാസങ്ങൾനീണ്ട കാത്തിരിപ്പിനും ചർച്ചകൾക്കും ഒടുവിൽ പുതിയ ഡി.സി.സി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കെ.പി.സി.സി നേതൃത്വം. അവസാനവട്ട ചർച്ചകൾക്കുശേഷം 24ന് പ്രഖ്യാപനം നടത്താനാണ് നേതൃത്വം ഒരുങ്ങുന്നത്.
ജില്ലകളിൽനിന്ന് സമർപ്പിച്ച കരട് പട്ടിക വെട്ടിച്ചുരുക്കിയും മാറ്റങ്ങൾ വരുത്തിയുമാകും അന്തിമ പട്ടിക തയാറാക്കുക. രണ്ട് ദിവസങ്ങളിലായി ഏഴ് വീതം ജില്ലകളുടെ കരട് പട്ടികയിൽ നേതൃത്വം വിശദമായ പരിശോധനകൾ നടത്തി. ബന്ധപ്പെട്ട ഡി.സി.സി പ്രസിഡന്റിന്റെയും ചുമതലയുള്ള കെ.പി.സി.സി ജന. സെക്രട്ടറിയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ആവശ്യമായതിന്റെ മൂന്നും നാലും ഇരട്ടി പേരുകളാണ് ജില്ല നേതൃത്വം കെ.പി.സി.സിക്ക് സമർപ്പിച്ചിട്ടുള്ളത്. കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് കെ.പി.സി.സി നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള അർഹത, മുൻകാല പ്രവർത്തന പരിചയം, ജില്ല ഭാരവാഹിയായാൽ പാർട്ടിക്ക് ലഭിക്കുന്ന ഗുണം തുടങ്ങിയ കാര്യങ്ങളാണ് ഓരോ പേരുംവെച്ച് പരിശോധിക്കുന്നത്. അതിന്റെകൂടി അടിസ്ഥാനത്തിൽ സാമുദായിക, പ്രായ, മേഖല പരിഗണനകൾകൂടി പരിഗണിച്ച് അന്തിമപട്ടികക്ക് കെ.പി.സി.സി നേതൃത്വം ഇന്ന് രൂപം നൽകും. തുടർന്ന് പ്രതിപക്ഷനേതാവ് ഉൾപ്പെടെ നേതാക്കളുമായി കൂടിയാലോചിച്ച് അവരുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് പട്ടികയിൽ ഭേദഗതി വരുത്തി പ്രഖ്യാപനം നടത്താനാണ് തീരുമാനം.
ചെറിയ ജില്ലകളിൽ 15 ഉം മറ്റിടങ്ങളിൽ 25 ഉം ഭാരവാഹികൾ ഡി.സി.സികൾക്ക് ഉണ്ടാകും. ചെറിയ ജില്ലകളിൽ 16 ഉം മറ്റിടങ്ങളിൽ 26 ഉം നിർവാഹക സമിതിയംഗങ്ങളും ഉണ്ടായിരിക്കും. ഡി.സി.സി ഭാരവാഹികൾക്ക് പുറമെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെയും നാളെ പ്രഖ്യാപിക്കും. പുതിയ കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം ഇപ്പോൾ ഉണ്ടാവില്ല. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായ പാർട്ടി അംഗത്വ വിതരണം മുഖ്യ വരണാധികാരി ജി. പരമേശ്വരയുടെ സാന്നിധ്യത്തിൽ 26ന് തുടങ്ങുകയാണ്. ഇതിനായി പരമേശ്വരയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും 25ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന എപ്രിൽവരെ പാർട്ടിയിൽ പുനഃസംഘടനക്ക് തടസ്സമില്ലെന്ന് വരണാധികാരി അറിയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും പുതിയ ഡി.സി.സി ഭാരവാഹി പട്ടിക 25നകം പ്രഖ്യാപിക്കുമെന്ന ഉറപ്പാണ് സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് അന്തിമപട്ടിക തയാറാക്കി പേരുകൾ പ്രഖ്യാപിക്കാൻ നേതൃത്വം രാപകൽ കിണഞ്ഞു ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.