തല്ലിക്കൂട്ടിയ പട്ടികയെച്ചൊല്ലി പരാതി പ്രവാഹം; ഡി.സി.സി പ്രസിഡൻറ് പ്രഖ്യാപനം നീട്ടി
text_fieldsന്യൂഡൽഹി: മാരത്തൺ ചർച്ചകൾക്കൊടുവിൽ തല്ലിക്കൂട്ടിയ ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടികയെച്ചൊല്ലി ഹൈകമാൻഡിലേക്ക് പരാതി പ്രവാഹം. വെള്ളിയാഴ്ച നടത്തേണ്ടിയിരുന്ന പട്ടിക പ്രഖ്യാപനം പുനരാലോചനകൾക്ക് വീണ്ടും വൈകിപ്പിച്ചു.
പരാതികളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ നേരിട്ടു വിളിച്ച് ചർച്ച നടത്തി. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഒപ്പുവെച്ചിട്ടില്ലാത്ത 'അന്തിമ പട്ടിക'യിൽ തിരുത്തലുകൾക്ക് സാധ്യത. ഗ്രൂപ്പു വടംവലികൾക്കിടയിൽ പല വിധ സന്തുലനം ഉറപ്പു വരുത്താനെന്ന പേരിലാണ് പട്ടികച്ചർച്ച ഏറെ നീണ്ടത്.
എന്നാൽ, കേരള ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കെ. സുധാകരൻ കൈമാറിയ പട്ടികയിൽ ഒരൊറ്റ വനിതയോ പട്ടികവിഭാഗക്കാരോ ഇല്ല. സാമുദായിക പ്രാതിനിധ്യത്തിൽ തന്നെ, ലത്തീൻ കത്തോലിക്കർ അടക്കം വിവിധ വിഭാഗങ്ങൾ തഴയപ്പെട്ടു. ഗ്രൂപ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കടുത്ത അനുയായികൾ തഴയപ്പെട്ടപ്പോൾ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിെൻറയും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറയും ഇഷ്ടക്കാർ കയറിപ്പറ്റി.
വ്യാഴാഴ്ച പാതിരാത്രിക്കു ശേഷം തയാറായ ഈ 'അന്തിമ പട്ടിക' ഇങ്ങനെയാണ്: കാസർകോട് -പി.കെ ഫൈസൽ, കണ്ണൂർ -മാർട്ടിൻ ജോർജ്, വയനാട് -എൻ.ഡി അപ്പച്ചൻ, കോഴിക്കോട് -കെ. പ്രവീൺകുമാർ, മലപ്പുറം -വി.എസ് ജോയി,
പാലക്കാട് -എ. തങ്കപ്പൻ, തൃശൂർ -ജോസ് വെള്ളൂർ, എറണാകുളം -മുഹമ്മദ് ഷിയാസ്, കോട്ടയം -ഷിൽസൺ മാത്യൂസ്, ഇടുക്കി -അഡ്വ. എസ്. അശോകൻ, പത്തനംതിട്ട -സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ -കെ.പി. ശ്രീകുമാർ, കൊല്ലം -രാജേന്ദ്ര പ്രസാദ്, തിരുവനന്തപുരം -പാലോട് രവി.
മലബാറിൽ വയനാട്, കണ്ണൂർ, മലപ്പുറം എന്നീ മൂന്നു ജില്ലകളിലും ഡി.സി.സി പ്രസിഡൻറുമാർ ഒരേ സമുദായത്തിൽ നിന്നായത് സന്തുലനം തെറ്റിക്കുമെന്ന് പരാതി ഉയർന്നു. ഡി.സി.സി പ്രസിഡൻറ് സ്ഥാനം വഹിച്ചവരെ വീണ്ടും പരിഗണിക്കേണ്ട എന്ന പൊതുതത്വത്തിെൻറ പേരിൽ പാലക്കാട്ട് എ.വി ഗോപിനാഥ് ഒഴിവാക്കപ്പെട്ടപ്പോൾ, വയനാട്ട് എൻ.ഡി അപ്പച്ചന് അത് ബാധകമായില്ല.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്നോട്ടു വെച്ച പേരുകൾ ആസൂത്രിതമായിത്തന്നെ വെട്ടിയെന്നാണ് അവർക്കിടയിലെ മുറുമുറുപ്പ്. അവർ ഏറ്റവും ഒടുവിലായി പറഞ്ഞവരെ ഉൾക്കൊള്ളിച്ച് പ്രധാനികളെ വെട്ടുന്ന തന്ത്രമാണ് നടപ്പാക്കിയത്. ഇതോടെ എ ഗ്രൂപ്പ് ക്ഷീണിച്ചു; അതിനേക്കാൾ പരിക്കേറ്റത് രമേശ് ചെന്നിത്തലക്ക്. പാലക്കാട്ടും ആലപ്പുഴയിലും കെ.സി വേണുഗോപാൽ തീരുമാനിച്ചു.
കണ്ണൂരും തൃശൂരും സുധാകരന് വേണ്ടപ്പെട്ടവർ. ഇതിനെല്ലാമിടയിൽ സാമുദായിക, പ്രാദേശിക സന്തുലിതാവസ്ഥയും തകിടം മറിഞ്ഞു. ജനപിന്തുണയുള്ളവർ പിന്തള്ളപ്പെട്ടു. ഗ്രൂപ് അതിപ്രസരം ഒഴിവാക്കാനുള്ള ശ്രമത്തിനൊടുവിൽ പങ്കിട്ടെടുത്ത സ്ഥിതിയായി. പട്ടികയിൽ ഒന്നിച്ചിരുന്നുള്ള ചർച്ച മതിയാക്കി താരിഖ് അൻവർ അഞ്ചു ദിവസത്തേക്ക് ബിഹാറിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.