ഡി.സി.സി അധ്യക്ഷ പട്ടിക: കോൺഗ്രസ് കീഴ്വഴക്കങ്ങൾക്ക് അടിമുടി മാറ്റം
text_fieldsതിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ ഡി.സി.സി അധ്യക്ഷ പട്ടിക പുറത്തുവന്നതോടെ വ്യക്തമാകുന്നത് സംസ്ഥാന കോൺഗ്രസിൽ നിലനിന്ന കീഴ്വഴക്കങ്ങളുടെ അടിമുടി മാറ്റം. ഗ്രൂപ് വീതംവെപ്പ്, ചില ജില്ലകളിൽ ഗ്രൂപ്പുകൾക്കുള്ള അട്ടിപ്പേർ അവകാശം, അമിതമായ സമുദായ പരിഗണന തുടങ്ങിയ സ്ഥിരം പരിഗണനകളാണ് അട്ടിമറിക്കപ്പെട്ടത്.
അതേസമയം, ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താൽപര്യങ്ങൾക്ക് പൂർണമായി വഴങ്ങാതെയുള്ള ഇൗ നീക്കം പാർട്ടിക്ക് ഉണർവ് പകരുമോയെന്ന ആശങ്കയും കുറവല്ല.
എല്ലാവരുമായും കൂടിയാലോചന നടത്തിയശേഷമാണ് ഡി.സി.സി അധ്യക്ഷന്മാരുടെ കരട് പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കിയത്. എന്നാൽ, പട്ടിക അന്തിമമാക്കുംമുമ്പ് അവസാനവട്ട ചർച്ച നടത്തുമെന്ന് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. അതിലവർ അതൃപ്തിയിലുമാണ്. ഇത് പരിഹരിക്കാൻ ഹൈകമാൻഡിെൻറ ഇടപെടൽ ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷയും യാഥാർഥ്യമായില്ല.
പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ കൂട്ടത്തിൽ തീവ്ര ഗ്രൂപ്പുകാരുടെ എണ്ണവും കുറവാണ്. ഗ്രൂപ് വീതംവെപ്പ് എന്ന സ്ഥിരം ശൈലി അനുവദിക്കാനാകില്ലെന്ന നിലപാടാണ് തുടക്കംമുതൽ സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഗ്രൂപ് നേതൃത്വം നിർദേശിച്ച സ്വന്തക്കാരെ പലയിടത്തും ഒഴിവാക്കി. അതേസമയം, ഗ്രൂപ്പിെൻറ പേരിൽ ആരെയും മാറ്റിനിർത്തിയിട്ടുമില്ല.
14 ഡി.സി.സികളിൽ ഏഴുവീതം ഇരുപക്ഷത്തിനും കിട്ടി. എന്നാൽ, പുതിയ അധ്യക്ഷന്മാരിൽ ഭൂരിഭാഗവും കടുത്ത ഗ്രൂപ് വക്താക്കളല്ല. െഎ പക്ഷത്തുനിന്ന് പദവി നേടിയവരിൽ രണ്ടുപേർ വീതം കെ.സി. വേണുഗോപാലിനെയും കെ. സുധാകരനെയും ഒരാൾ വീതം കെ. മുരളീധരനെയും വി.ഡി. സതീശനെയും പിന്തുണക്കുന്നവരാണ്. ചെന്നിത്തലക്ക് സ്വന്തം തട്ടകമായ ആലപ്പുഴയിൽ സ്വന്തം ഇഷ്ടക്കാരനെ കൊണ്ടുവരാൻ സാധിച്ചത് ആശ്വാസമായി. എന്നാൽ, കോട്ടയത്ത് വിശ്വസ്തന് സീറ്റുറപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല. കെ. മുരളീധരനും വി.ഡി. സതീശനും കെ. സുധാകരനും സ്വന്തം ജില്ലകളിൽ വിശ്വസ്തരെ കിട്ടിയെന്ന് ആശ്വസിക്കാം.
ചില ജില്ലകളിലെ പാർട്ടി നേതൃത്വം ഏതെങ്കിലും ഗ്രൂപ് ഏറെക്കാലമായി കൈയടക്കിവെച്ചിരുന്നതിനും മാറ്റംവന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകൾ ഇതിന് ഉദാഹരണമാണ്.
പട്ടികയിലെ സമുദായ പരിഗണന നായർ നാല് , ഇൗഴവ മൂന്ന്, ക്രൈസ്തവർ അഞ്ച്, മുസ്ലിം രണ്ട് എന്നിങ്ങനെയാണ്. തെക്കൻ കേരളത്തിൽ ഹിന്ദുവിഭാഗത്തിന് പുറത്തുനിന്ന് ഒരാൾ പോലുമില്ല. വടക്കൻ കേരളത്തിൽ ക്രൈസ്തവ പ്രാതിനിധ്യം ഉയരുകയും ചെയ്തു. മധ്യകേരളത്തിലും ഉത്തരകേരളത്തിലും ഒന്നുവീതമാണ് മുസ്ലിം പ്രാതിനിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.