‘ഒരു ഉറുപ്പിക അപ്പച്ചൻ വാങ്ങിയെന്ന് ആരും പറയില്ല, സ്വത്തും ഭൂമിയും വിറ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്’
text_fieldsകൽപറ്റ: തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആത്മഹത്യ ചെയ്ത എൻ.എം. വിജയന്റെ കത്തിന്റെ പേരിൽ താൻ ബലിയാടാകുകയാണെന്നും വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും ജീവിച്ചതും. ഒരു ഉറുപ്പിക അപ്പച്ചൻ വാങ്ങിയെന്ന് ആരും പറയില്ല. എന്നും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സി.പി.എം ഇപ്പോൾ ചെയ്യുന്ന പണി. വിജയൻ അടുത്ത സുഹൃത്താണെന്നും ഈ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അപ്പച്ചൻ പറഞ്ഞു. ഡി.സി.സി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.
“ഞാൻ ഒരു ഇടപാടും നടത്തിയിട്ടില്ല. വിജയൻ എന്റെ വിശ്വസ്തനായ സഹപ്രവർത്തകനായിരുന്നു. ഒരു പ്രശ്നമുണ്ടെങ്കിൽ എന്നോട് പറയണ്ടേ. ഒരു കത്തെഴുതി വെച്ചതിന്റെ പേരിൽ ഞാനും ബലിയാടാകുകയാണ്. 54 വർഷമായി രാഷ്ട്രീയ രംഗത്തുണ്ട്. അപ്പച്ചൻ ഒരു ഉറുപ്പിക വാങ്ങിയെന്ന് ഒരു നേതാവും പറയില്ല. എന്റെ സ്വത്തും ഭൂമിയും ഉൾപ്പെടെ വിറ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. വയനാട്ടുകാർക്ക് അറിയാം. സത്യസന്ധമായാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. കേസിനെ നിയമപരമായി നേരിടും.
പാർട്ടി നിയേഗിച്ച കമ്മിറ്റി വിജയന്റെ കുടുംബത്തെ കണ്ടിരുന്നു. കുടുംബത്തോടൊപ്പമാണ് പാർട്ടി. പാർട്ടി മാറില്ലെന്ന് മക്കളും ഉറപ്പിച്ചു പറഞ്ഞിരുന്നു. 54 വർഷത്തിനിടെ ഒരു ഓട്ടക്കാലണ വാങ്ങിയെന്ന് ആരും പറയില്ല. അത് നശിപ്പിക്കാൻ ഞാൻ തയാറാകുമോ? നീതികേട് കാണിച്ചെങ്കിൽ തെറ്റ് ഏറ്റുവാങ്ങാൻ തയാറാണ്. എന്നാൽ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സി.പി.എം ഇപ്പോൾ ചെയ്യുന്ന പണി. അൻവറിന്റെ കാര്യത്തിലും അത് കണ്ടതാണല്ലോ” -അപ്പച്ചൻ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍.എം വിജയന്റെ മരണത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരെ പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഐസി ബാലകൃഷ്ണന്‍. തുടർനടപടികള്‍ ചർച്ച ചെയ്യാന്‍ അപ്പച്ചൻ കെ.പി.സി.സി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി. ഐ.സി ബാലകൃഷ്ണനും ഉടൻ എത്തിയേക്കുമെന്നാണ് സൂചന. കേസിൽ പ്രതിയായ കെ.കെ ഗോപിനാഥൻ മുൻകൂർ ജാമ്യാപേക്ഷക്കായി ഹൈകോടതിയെ സമീപിച്ചു.
എന്‍.എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് പ്രേരണക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമനത്തിന്റെ പേരിൽ എം.എൽ.എ ഉൾപ്പെടെ കോഴ വാങ്ങിയെന്നാണ് ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള കുറിപ്പിൽ ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.