ഡി.സി.സി തലമുറ മാറ്റം കോണ്‍ഗ്രസിലെ നിശ്ശബ്ദ വിപ്ലവം -വി.ഡി. സതീശന്‍
text_fieldsകോഴിക്കോട്: 40 വര്‍ഷത്തിനിടെ കോണ്‍ഗ്രസില്‍ നടന്ന നിശ്ശബ്ദ വിപ്ലവമാണ് ഡി.സി.സി പ്രസിഡന്‍റുമാരുടെ തലമുറ മാറ്റമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തലമുതിര്‍ന്നവരെ മാറ്റിനിര്‍ത്തില്ല. അവരുടെ അനുഭവസമ്പത്ത് പാര്‍ട്ടി ഇനിയും ഉപയോഗപ്പെടുത്തും. എ.കെ. ആന്‍റണിയുടെയും വയലാര്‍ രവിയുടെയും കാലത്തുണ്ടായതുപോലൊരു മാറ്റമാണ് ഇപ്പോഴുണ്ടായത്. ആന്‍റണിയുടെ നേതൃത്വത്തില്‍ പുതുതലമുറ വന്നപ്പോള്‍ മറുഭാഗത്ത് കെ. കരുണാകരനെപ്പോലുള്ള വലിയ പരിണിത പ്രജ്ഞരുണ്ടായിരുന്നു. തകര്‍ന്ന കോണ്‍ഗ്രസിനു പുതുജീവന്‍ നല്‍കിയത് അന്നത്തെ മാറ്റമായിരുന്നു.
ഡി.സി.സി പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ മാധ്യമസൃഷ്ടി മാത്രമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സ്വീകാര്യമായവരാണ് ഓരോ ജില്ലയിലും അധ്യക്ഷരായത്. ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ വീതംവെക്കുന്ന രീതിക്കാണ് ഇപ്പോള്‍ മാറ്റമുണ്ടായത്. ഉമ്മന്‍ ചാണ്ടിക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട വേദിയില്‍ ചര്‍ച്ചചെയ്യും. രാഷ്ട്രീയ കാര്യ സമിതി കൂടാന്‍ കഴിയാത്തത് കേരളത്തിന്‍െറ ചുമതലയുള്ള മുകുള്‍ വാസ്നിക്കിന് സൗകര്യമുള്ള തീയതി ലഭിക്കാത്തതിനാലാണ്. സംസ്ഥാനത്ത് പൊലീസ് അതിക്രമം വര്‍ധിച്ചുവരുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടി പൊലീസിനെ നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.