ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധം: ഡി.സി.സി നാളെ ആലപ്പുഴ കലക്ടറേറ്റ് വളയും
text_fieldsആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് നാളെ കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് കലക്ട്രേറ്റ് ധർണ സംഘടിപ്പിക്കും.
കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കലക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു.
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കലക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.
കോവിഡ് കാലത്ത് സസ്പെൻഷൻ പിൻവലിച്ച് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.