രാഘവനെ ലക്ഷ്യമിട്ട് അനിൽ കുമാർ; രഹസ്യ പിന്തുണയുമായി നേതാക്കൾ
text_fieldsകോഴിക്കോട്: ഡി.സി.സി പ്രസിഡൻറ് പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പരസ്യമായി എതിർപ്പുയർത്തിയ കെ.പി. അനിൽ കുമാറിെൻറ ആദ്യ ലക്ഷ്യം എം.കെ. രാഘവൻ എം.പി. ജില്ലയിലെ രാഘവ വിരുദ്ധരായ എ, ഐ ഗ്രൂപ്പിലടക്കമുള്ള ചില നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് അനിൽ കുമാറിെൻറ പ്രതിഷേധം. ഡി.സി.സി പ്രസിഡൻറ് പദവിയിലേക്ക് താൻ യോഗ്യനാണെന്ന് ഇൗ നേതാവ് ഉറച്ചുവിശ്വസിച്ചിരുന്നു. പ്രധാന നേതാക്കളോട് സ്ഥാനം ആവശ്യപ്പെടുകയും ചെയ്തു.
എം.പിമാരായ കെ. മുരളീധരെൻറയും എം.കെ. രാഘവെൻറയും െക.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എയുടെയും പിന്തുണയിൽ െക. പ്രവീൺ കുമാറിനെ അധ്യക്ഷനാക്കിയതിൽ കടുത്ത നീരസമാണ് അനിൽകുമാറിനുള്ളത്. മുരളീധരനെതിരെ പ്രതികരിക്കാൻ ഇദ്ദേഹം ധൈര്യപ്പെടുന്നുമില്ല. തദ്ദേശ സ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എം.കെ. രാഘവൻ ജില്ലയിൽ പാർട്ടിയെ ഹൈജാക്ക് ചെയ്തതായി അനിൽ കുമാർ ആരോപിക്കുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് താൻ സ്ഥലത്തില്ലാത്ത ദിവസം രാഘവൻ സ്ഥാനാർഥികളെ നിശ്ചയിച്ചു. ജില്ലയിലെ കോൺഗ്രസിന് രാഘവൻ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന അനിൽ കുമാറിെൻറ അഭിപ്രായത്തിൽ എ, ഐ ഗ്രൂപ്പിലെ ചില പ്രമുഖരും സന്തോഷത്തിലാണ്. ജില്ലയിൽ കോൺഗ്രസിൽ പാർലമെൻററി രംഗത്തേക്ക് മറ്റാരും വരാൻ രാഘവൻ ഇഷ്ടപ്പെടുന്നില്ലെന്നും അനിൽ കുമാർ ആരോപിക്കുന്നു.
എന്നാൽ, കണ്ണൂരുകാരനായ എം.കെ. രാഘവൻ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കോൺഗ്രസിന് ഗുണകരമാണെന്ന അഭിപ്രായമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. 15 വർഷമായി എം.എൽ.എയില്ലാത്ത കോൺഗ്രസിന് രാഘവെൻറയും മുരളിയുടെയും എം.പി സ്ഥാനമാണ് ഏക ആശ്വാസെമന്നും ബ്ലോക്ക് പ്രസിഡൻറുമാരടക്കം ചൂണ്ടിക്കാട്ടുന്നു.
പലസമയത്തും പാർട്ടിയിൽ തഴയപ്പെട്ട ചരിത്രമാണ് അനിൽ കുമാറിന് പറയാനുള്ളത്. മുമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്നു അനിൽ കുമാർ. യൂത്ത് കോൺഗ്രസ് പ്രസിഡൻറായിരുന്ന മറ്റു പലർക്കും നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം നൽകിയിരുന്നു. പാർട്ടിയിലും മികച്ച സ്ഥാനം കിട്ടി.
എന്നാൽ, 2016ൽ കൊയിലാണ്ടിയിൽ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയശേഷം എൻ.സുബ്രഹ്മണ്യനുവേണ്ടി പിന്മാറേണ്ടിവന്നു. നേരത്തേ, ഐ ഗ്രൂപ്പുകാരനായിരുന്ന അനിൽ കുമാർ പിന്നീട് വി.എം. സുധീരെൻറയും മുല്ലപ്പള്ളി രാമചന്ദ്രെൻറയും അടുപ്പക്കാരനും 'ഗ്രൂപ്പില്ലാ ഗ്രൂപ്പു'കാരനുമായി. അതിനിടെ, അനിൽ കുമാറിനെ കോൺഗ്രസിൽനിന്ന് ചാടിക്കാൻ എൻ.സി.പിയും ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.