ഡി.സി.സി പുനഃസംഘടന: കാലപരിധി ഒഴിവാക്കി; കഴിവും പ്രവർത്തനമികവും മുഖ്യ മാനദണ്ഡം
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും തീരുമാനിക്കുന്നതിനുള്ള അന്തിമ മാനദണ്ഡം തയാറായി. പാർട്ടിയുടെ പുതിയ നേതൃത്വവും പഴയ നേതൃത്വവും ചർച്ച ചെയ്താണ് നേരത്തേ തയാറാക്കിയ കരട് മാനദണ്ഡം ആവശ്യമായ ഭേദഗതികളോടെ അന്തിമമാക്കിയത്. മാനദണ്ഡം സംബന്ധിച്ച സർക്കുലർ ഡി.സി.സികളുടെ ചുമതലയുള്ള കെ.പി.സി.സി ജന. സെക്രട്ടറിമാർക്ക് കൈമാറി.
അവർ, നിലവിലെ ഡി.സി.സി അധ്യക്ഷന്മാരുമായും മുൻ ഡി.സി.സി പ്രസിഡന്റുമാർ, ജില്ലയിൽനിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ, പോഷകസംഘടനകളുടെ ജില്ല പ്രസിഡൻറുമാർ, ജില്ലയിലെ മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ച് അടിയന്തരമായി പാനൽ തയാറാക്കി കൈമാറാനാണ് കെ.പി.സി.സി നിർദേശിച്ചിരിക്കുന്നത്.
അഞ്ചു വർഷമെങ്കിലും ഭാരവാഹികളായവരെ ഇത്തവണ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് കരട് മാനദണ്ഡത്തിൽ നിർദേശിച്ചിരുന്നതെങ്കിലും അത് പൂർണമായും ഒഴിവാക്കി. നിലവിലെ ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും കഴിവും പ്രവർത്തന മികവുമുള്ളവരെ നിലനിർത്താനാണ് തീരുമാനം. സർക്കാർ, അർധസർക്കാർ, ബാങ്കിങ് മേഖലകളിൽ സ്ഥിരം ജോലിയുള്ളവരെയും ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാർ, ജില്ല പഞ്ചായത്തംഗങ്ങൾ എന്നിവരെയും ഡി.സി.സി ഭാരവാഹിത്വത്തിലേക്കും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കില്ല. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലെ വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, സഹകരണസംഘം ഭാരവാഹികൾ എന്നിവർക്ക് ഭാരവാഹികളാകുന്നതിന് തടസ്സമില്ല.
കെ.പി.സി.സി അംഗങ്ങൾ, കെ.പി.സി.സി വിശാല എക്സിക്യൂട്ടിവ് അംഗങ്ങൾ, പോഷകസംഘടന ജില്ല പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മുമ്പ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി ഭാരവാഹികളായും പ്രവർത്തിച്ചിരുന്നവർ, യൂത്ത് കോൺഗ്രസിൽ 2010ന് മുമ്പ് പ്രവർത്തിച്ചവരും ഇപ്പോഴും സംഘടനയിൽ യാതൊരു പദവിയും ലഭിച്ചിട്ടില്ലാത്തവരുമായ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, തൊഴിലാളി യൂനിയൻ രംഗത്തുള്ള സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റുമാർ എന്നിവരെ ഡി.സി.സി ഭാരവാഹികളായും ബ്ലോക്ക് പ്രസിഡന്റുമാരായും എക്സിക്യൂട്ടിവ് അംഗങ്ങളായും പരിഗണിക്കാം.
ഡി.സി.സി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും എക്സിക്യൂട്ടിവ് അംഗങ്ങളിലും പകുതിയെങ്കിലും യുവജനങ്ങളും പുതുമുഖങ്ങളും ആയിരിക്കണം. വനിതകൾ, പട്ടികജാതി-വർഗ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവർ എന്നിവർക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. ജില്ലയിൽ ഒരു ബ്ലോക്കിലും നിയോജക മണ്ഡലത്തിൽ ഒരു മണ്ഡലത്തിലെങ്കിലും വനിതകളെ പ്രസിഡൻറുമാരാക്കണം. രാഷ്ട്രീയേതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. ഒരാൾക്ക് ഒരു പദവി തത്ത്വം കർശനമായി നടപ്പാക്കണമെന്നും മാനദണ്ഡത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.