ഡി.സി.സി ട്രഷററുടെ മരണം: തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ അന്വേഷിക്കാൻ കെ.പി.സി.സി
text_fieldsതിരുവനന്തപുരം: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്‍റെയും മകന്‍റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും അന്വേഷിക്കാൻ കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി കെ.പി.സി.സി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൂടാതെ, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതിയംഗം സണ്ണി ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ.
അന്വേഷണം നടത്തി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രസിഡന്‍റ് കെ. സുധാകരന്‍റെ നിർദേശമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു വാർത്താകുറിപ്പിൽ അറിയിച്ചു.
ഇതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും വയനാട് ഡി.സി.സി ട്രഷററുമായ എൻ.എം. വിജയന്‍റെ ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ടു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ. ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും മൂത്ത മകൻ വിജേഷിനും വിജയൻ എഴുതിയ കത്തുകളാണ് പുറത്തുവന്നത്. സുൽത്താൻ ബത്തേരി കാര്‍ഷിക ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന് കത്തുകളിൽ പറയുന്നു.
ഈ ഇടപാടുകളിൽ ഡി.സി.സി ട്രഷറർ എന്ന നിലയിൽ ഇടനിലക്കാരനായി നിന്നു. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി. പണം വാങ്ങിയപ്പോൾ പലർക്കും ചെക്ക് കൊടുക്കേണ്ടിവന്നു. ഐ.സി. ബാലകൃഷ്ണനും ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും വേണ്ടി ബാധ്യതകൾ ഏൽക്കേണ്ടി വന്നു. സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ഇളയ മകൻ ജിജേഷിന് താൽക്കാലിക ജോലിയുണ്ടായിരുന്നു. ഏഴു വർഷം ജോലി ചെയ്ത മകനെ അന്നത്തെ ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ നിർദേശത്തിൽ പിരിച്ചുവിട്ടു. വേറെ ആളെ നിയമിക്കാനായിരുന്നു അത്. കോൺഗ്രസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തനിക്ക് അത് വലിയ ദുഃഖമുണ്ടാക്കി- വിജയൻ കത്തിൽ വ്യക്തമാക്കുന്നു.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളില്‍നിന്ന് പണം വാങ്ങിയെങ്കിലും നിയമനം നടത്താന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. എല്ലാം കെ.പി.സി.സി നേതൃത്വത്തിന് അറിയാം. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്. അർബൻ ബാങ്കിൽ നിന്ന് വായ്പടുത്ത് ബാധ്യത തീർത്തു. സ്ഥലംപോലും വിൽക്കാനാവാത്ത സ്ഥിതിയാണ്. മക്കൾപോലും അറിയാത്ത ബാധ്യതയുണ്ട്. 50 കൊല്ലം കോൺഗ്രസിനായി പ്രവർത്തിച്ച് ജീവിതം തുലച്ചുവെന്ന് കുറിപ്പിൽ പറയുന്നു.
‘ബാങ്കിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ എം.എൽ.എയുടെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി. ജോലി നൽകാൻ പറ്റാതായതോടെ രണ്ട് ലക്ഷം രൂപ തിരികെ നൽകി. ബാക്കി തുക ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് പണയാധാരം നൽകേണ്ടിവന്നു. അത് കേസായി. സർവിസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വാഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽനിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെയാണ് പണം തിരിച്ചു നൽകാൻ വായ്പയെടുത്തത്’ കത്തിൽ പറയുന്നു.
ഡിസംബർ 24നാണ് എൻ.എം. വിജയനെയും ഇളയ മകൻ ജിജേഷിനെയും വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചു.
എൻ.എം. വിജയന്റെ ആത്മഹത്യ സാമ്പത്തിക പ്രയാസം മൂലമാണോ എന്ന് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്. വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.