ഡി.സി.സി ട്രഷററുടെ ആത്മഹത്യ: സാമ്പത്തിക ഇടപാട് ബത്തേരി പൊലീസ് അന്വേഷിക്കും; തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യും
text_fieldsസുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്‍റെയും മകന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുൽത്താൻ ബത്തേരി പൊലീസ് അന്വേഷിക്കും. ആത്മഹത്യകേസിനൊപ്പം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളാണ് പൊലീസ് അന്വേഷിക്കുക. തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിലെ പണമിടപാടാണ് എൻ.എം. വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് കാരണമായതെന്ന ആരോപണമാണ് സി.പി.എം ഏരിയ കമ്മിറ്റി ഉയർത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന ആവശ്യം സി.പി.എം മുന്നോട്ടുവെക്കുന്നു. ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എം.എൽ.എ ഓഫിസിലേക്ക് സി.പി.എം നാളെ മാർച്ച് നടത്തും.
അതേസമയം, തന്‍റെ കൈകൾ ശുദ്ധമാണെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും രംഗത്തെത്തി. പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ചും എൻ.എം. വിജയന്‍റെ ആത്മഹത്യയിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും എം.എൽ.എ വ്യക്തമാക്കി.
ആരോപണത്തിൽ അന്വേഷണം നടത്താൻ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനും വ്യക്തമാക്കി. സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള ഒന്നും വിജയൻ പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു വിഷയം ഉണ്ടാകാൻ ഇടയില്ല. അർബൻ ബാങ്ക് നിയമനത്തട്ടിപ്പ് ആരോപണം നേരത്തേതന്നെ ഉയർന്നതാണെന്നും കെ.പി.സി.സി അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതാണെന്നും അപ്പച്ചൻ പറഞ്ഞു.
എം.എന്‍. വിജയന്‍റെയും മകന്‍റെയും ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ബാങ്കില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍നിന്ന് ചിലര്‍ കോടികള്‍ കൈപ്പറ്റിയെന്ന് ആരോപണമുണ്ട്.
കോഴ നിയമനങ്ങള്‍ നടത്തി കോടികള്‍ തട്ടിയെടുത്തവര്‍ എന്‍.എം. വിജയനെ ബലിയാടാക്കിയെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യശ്രമം നടന്ന വിവരമറിഞ്ഞ് ആദ്യമായി വീട്ടിലെത്തിയവര്‍ ആത്മഹത്യക്കുറിപ്പ് മാറ്റിയതാകാമെന്ന് സംശയിക്കുന്നുവെന്നും സി.പി.ഐ വാർത്തക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.