വീട് പൊളിച്ച സ്ഥലത്തുനിന്ന് മാറില്ലെന്ന് വക്കീൽ ഹസൻ
text_fieldsന്യൂഡൽഹി: കൈയേറ്റമെന്ന് ആരോപിച്ച് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ) വീട് തകർത്തെങ്കിലും സ്ഥലത്തുനിന്ന് മാറില്ലെന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് ഹോൾ മൈനിങ് സംഘത്തിന്റെ തലവൻ വക്കീൽ ഹസൻ. വീട് നഷ്ടമായതിനെത്തുടർന്ന് രണ്ടാം ദിവസവും നടപ്പാതയിലാണ് ഇദ്ദേഹവും കുടുംബവും കഴിച്ചുകൂട്ടിയത്. പ്രദേശത്തുള്ള ചിലരാണ് ഭക്ഷണവും വെള്ളവും നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നരേലയിലെ ഇ.ഡബ്ല്യു.എസ് ഫ്ലാറ്റിൽ താമസ സൗകര്യമൊരുക്കാമെന്ന് ഡി.ഡി.എ വാഗ്ദാനം നൽകിയെങ്കിലും വക്കീൽ ഹസനും കുടുംബവും നിരസിക്കുകയായിരുന്നു. സർക്കാറിൽനിന്ന് ഇതുവരെ സഹായമൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലെ വക്കീൽ ഹസന്റെ വീട് തകർത്തത്. വേറെ വീട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും നിരസിക്കുകയായിരുന്നു. വാക്കാലുള്ള ഉറപ്പ് മാത്രമാണ് ഉദ്യോഗസ്ഥർ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. വീട് അതേ സ്ഥലത്ത് പുനർനിർമിച്ചില്ലെങ്കിൽ നിരാഹാരസമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകൂട്ടി അറിയിക്കാതെയാണ് വീട് പൊളിച്ചതെന്നാണ് വക്കീൽ ഹസൻ പറയുന്നത്. എന്നാൽ, അനധികൃതമായി നിർമിച്ചതാണ് വീടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് ഡി.ഡി.എ അധികൃതർ വാദിക്കുന്നു. കൈയേറ്റമായതിനാൽ 2016ൽ വീട് പൊളിച്ചുനീക്കിയിരുന്നെങ്കിലും 2017ൽ വീണ്ടും നിർമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.