ദേവികയുടെ മരണത്തിൽ വകുപ്പിന് വീഴ്ചയില്ലെന്ന് ഡി.ഡി.ഇയുടെ റിപ്പോർട്ട്
text_fieldsമലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്കൂളിലെ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം ജി.എച്ച്.എ.എസ്.എസിലെ വിദ്യാർഥിനിയായിരുന്നു ദേവിക. ക്ലാസ് അധ്യാപകൻ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാർഥിനിയെ അറിയിച്ചിരുന്നെന്നും ഡി.ഡി.ഇയുടെ റിപ്പോർട്ടിൽ പറയുന്നു.
സ്കൂളിലെ ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പട്ടികയിലാണ് ദേവികയെ ഉൾപ്പെടുത്തിയിരുന്നത്. ഈ പട്ടികയിൽ ഉള്ളവർക്ക് പഠനസൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടികൾ തുടങ്ങിയിരുന്നു. ഇപ്പോൾ നടക്കുന്ന ക്ലാസ് ട്രയൽ മാത്രമാണെന്നും ദേവികയെ അധ്യാപകൻ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. അതുകൊണ്ട് അധ്യാപകരുടേയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്ത് വീഴ്ച ഉണ്ടായതായി കരുതാനാവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണെന്നും ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു.
പണം ഇല്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു.
അതിനിടെ ദേവികയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരിക പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ബല പ്രയോഗത്തിന്‍റെ ലക്ഷണങ്ങളുമില്ല. കുട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് കരുതാൻ തക്ക കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും മലപ്പുറത്തെ അന്വേഷണ സംഘത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.