മൃതദേഹങ്ങൾ മണ്ണോട് ചേരുന്നില്ല; സംസ്ഥാനത്ത് ആദ്യമായി ശവപ്പെട്ടി ഒഴിവാക്കി അർത്തുങ്കൽ സെന്റ് ജോർജ് പള്ളി
text_fieldsസംസ്കരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മൃതദേഹങ്ങൾ അഴുകി മണ്ണോട് ചേരാത്തതിന് പരിഹാരവുമായി അർത്തുങ്കൽ സെന്റ് ജോർജ് പള്ളി അധികൃതർ. ലത്തീൻസഭയുടെ കീഴിലുള്ള കൊച്ചി രൂപതയിലെ അര്‍ത്തുങ്കൽ സെയ്ന്റ് ജോര്‍ജ് പള്ളിയിലാണ് പുതിയ രീതിയിൽ സംസ്കാരം നടത്തുന്നത്. ഇനി ഇവിടെ സ്ഥിരം തടിയിൽ തീർത്ത ശവപ്പെട്ടികൾ ഉപയോഗിക്കില്ല. നേരിട്ട് മണ്ണിൽ മൃതദേഹം സംസ്കരിക്കുന്ന രീതിയാകും ഉണ്ടാവുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ സംസ്കാരം നടക്കുന്നതെന്ന് പള്ളിയധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയിലടക്കുന്ന മൃതദേഹം വർഷങ്ങൾ കഴിഞ്ഞാലും മണ്ണോടുചേരാത്ത സാഹചര്യത്തിലാണിത്. പഴയ യഹൂദ രീതിയില്‍ കച്ചയിൽ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കുന്ന രീതിയാണ് പള്ളിയിൽ നടപ്പാക്കിയത്.
ചുള്ളിക്കല്‍ ഫിലോമിനാ പീറ്ററുടെ സംസ്കാരമാണ് ആദ്യമായിങ്ങനെ നടത്തിയത്. തീരദേശമണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീർണിക്കുന്നത് വൈകിക്കാറുണ്ട്. ഈ സാഹചര്യത്തിൽ വികാരി ഫാ. ജോണ്‍സണ്‍ തൗണ്ടയിലാണ് പുതിയ ആശയം ആവിഷ്കരിച്ചത്. ഇടവക അംഗങ്ങളുമായി ഒരു വർഷം ചർച്ച നടത്തിയാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്. ഇടവകയിലെ 949 കുടുംബങ്ങളുടെയും അഭിപ്രായം തേടി. 33 കുടുംബയൂനിറ്റിലും ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗീകാരത്തോടെയാണ് പുതിയരീതി നടപ്പാക്കിയത്. പ്രകൃതിയോടിണങ്ങുന്ന രീതിയെന്നതിലുപരി ചെലവുകുറക്കാനും കഴിയും. വൻതുക മുടക്കി ശവപ്പെട്ടികൾ വാങ്ങുന്നവരുണ്ട്. എല്ലാ പെട്ടികൾക്കും പ്ലാസ്റ്റിക് ആവരണവുമുണ്ടാകാറുണ്ട്.
ഇനി ശുശ്രൂഷകള്‍ക്കായി സ്ഥിരമായി പള്ളിയില്‍ സ്റ്റീല്‍പെട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് മരണം നടക്കുന്ന വീടുകളിലേക്കു നല്‍കും. സെമിത്തേരിയില്‍ കുഴിവെട്ടി അതില്‍ തുണിവിരിച്ച് പൂക്കള്‍ വിതറിയാണു തുണിയില്‍ പൊതിഞ്ഞ മൃതദേഹം അടക്കുക. എല്ലാത്തരം പ്ലാസ്റ്റിക്കും സംസ്കാരത്തില്‍ നിന്നൊഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടായ തീരുമാനത്തിലൂടെയാണിതു നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനറും ചേര്‍ത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടോമി ഏലേശ്ശേരി പറഞ്ഞു. കോവിഡ് കാലത്തും സുപ്രധാന തീരുമാനവുമായി ക്രിസ്ത്യൻ സഭകൾ രംഗത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ആഴത്തിൽ സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ദഹിപ്പിക്കാൻ ചില സഭകൾ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.