മൃതദേഹങ്ങൾ പഠനാവശ്യത്തിന്: സർക്കാറിലെത്തിയത് 3.66 കോടി
text_fieldsകൊച്ചി: അവകാശികളില്ലാത്ത മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിറ്റ വകയിൽ സംസ്ഥാന സർക്കാറിലെത്തിയത് 3.66 കോടി രൂപ. 1122 മൃതദേഹങ്ങൾ കൈമാറിയതിന്റെ തുകയാണിത്.
ഏറ്റവും കൂടുതൽ തുക ലഭിച്ചത് എറണാകുളം ജനറൽ ആശുപത്രി വഴിയാണ് -1.56 കോടി. 2008 മുതൽ ഇതുവരെയുള്ള കണക്കാണിത്. പരിയാരം, തൃശൂർ, കളമശ്ശേരി, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണിത്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകളുള്ളത്. കൊല്ലം, ഇടുക്കി, മഞ്ചേരി, കോന്നി മെഡിക്കൽ കോളജുകളിൽനിന്ന് മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകളിലേക്ക് കൈമാറിയിട്ടില്ല.
സ്വകാര്യ, സർക്കാർ മെഡിക്കൽ കോളജുകളിൽ ഒരുവർഷം 12 വിദ്യാർഥികൾക്ക് പഠിക്കാൻ ഒരു മൃതദേഹം എന്ന നിലയിൽ ആവശ്യമുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
60 വിദ്യാർഥികളുടെ ഒരു ബാച്ച് എം.ബി.ബി.എസ് പഠനത്തിന് അഞ്ച് മൃതദേഹങ്ങൾ വേണ്ടിവരുന്നു. മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങളിലെ സുതാര്യതയിൽ അന്വേഷണം ആവശ്യപ്പെട്ട് വർഷങ്ങൾക്കുമുമ്പ് എം.കെ. ഹരിദാസ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും സർക്കാർ മെഡിക്കൽ കോളജുകൾ വഴിയല്ലാതെ സ്വകാര്യ മെഡിക്കൽ കോളജുകൾ മൃതദേഹം സ്വീകരിക്കരുതെന്നും ഹൈകോടതി അന്ന് വ്യക്തമാക്കി.
ഇതനുസരിച്ച് അവകാശികളില്ലാത്ത മൃതദേഹങ്ങൾ 40,000 രൂപക്ക് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിൽക്കാൻ 2008 ഡിസംബറിൽ സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
ഉത്തരവിറങ്ങുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ എവിടെനിന്നാണ് സ്വകാര്യ മെഡിക്കൽ കോളജുകൾ മൃതദേഹങ്ങൾ എത്തിച്ചിരുന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.