മെഡിക്കൽ കോളജിൽ മൃതദേഹ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
text_fields
കോഴിക്കോട്: മെഡിക്കൽ കോളജ് അനാട്ടമി ലാബിൽ പഠനത്തിനുപയോഗിച്ച മൃതദേഹങ്ങൾ സംസ്കരിക്കാതെ ഉപേക്ഷിച്ച നിലയിൽ. അനലിറ്റിക്കൽ ലാബിനടുത്തുള്ള സ്ഥലത്താണ് നിരവധി മൃതദേഹാവശിഷ്ടങ്ങൾ കാക്കകൾ കൊത്തിവലിച്ചും നായ്ക്കൾ കടിച്ചുകീറിയും കിടന്നത്. സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ബന്ധപ്പെട്ടവരോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.
പ്രദേശത്ത് കളിക്കുകയായിരുന്ന വിദ്യാർഥികളാണ് മൃതദേഹാവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചത് കണ്ടെത്തിയത്. അനാട്ടമി വിഭാഗത്തിലെ വിദ്യാർഥികൾ പഠിച്ചശേഷമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണിത്. ഇവിടെ പത്തടിയോളം ഉയരത്തിൽ ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. എന്നാൽ, കാലപ്പഴക്കത്താൽ മരം കടപുഴകി ഒരു വശത്തെ മതിൽ തകർന്നിരുന്നു. ഇതുവഴിയാണ് നായ്ക്കളും മറ്റും ഇതിനുള്ളിലെത്തിയത്. നിരവധി മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് സംസ്കരിക്കാതെ കൂട്ടിയിട്ടിരുന്നത്.
പലപ്പോഴും അനാദരവോടെയാണ് മൃതദേഹങ്ങൾ കുഴിച്ചിടുന്നതെന്നു പറഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെയാണ് അധികൃതർ സ്ഥലം സന്ദർശിച്ച് പുറത്തുള്ളവ സംസ്കരിക്കാൻ നടപടിയെടുത്തത്. മെഡിക്കൽ കോളജ് പൊലീസും േകാർപറേഷൻ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ സംസ്കരിക്കാതെ അലക്ഷ്യമായി തള്ളിയതിനെതിരെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും അനാട്ടമി വിഭാഗം മേധാവിക്കും നോട്ടീസ് നൽകുമെന്ന് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു.
കോൺക്രീറ്റിെൻറ ടാങ്കുകളുണ്ടാക്കി മണൽ നിറച്ചശേഷം മൃതദേഹാവശിഷ്ടങ്ങൾ ഇതിൽ കുഴിച്ചിടണമെന്നാണ് നിലവിലെ വ്യവസ്ഥ. വർഷങ്ങൾക്കുശേഷം അസ്ഥികൾ ശേഖരിച്ച് വീണ്ടും പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇതുചെയ്യാതെയാണ് മൃതദേഹങ്ങൾ കൂട്ടിയിട്ട് മുകളിൽ മണ്ണിടുന്നത് എന്നാണ് പരാതി. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് കരാറേറ്റെടുത്തവർ അനാസ്ഥ കാട്ടുകയാണുണ്ടായതെന്ന് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. ജയശ്രീ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.