46 മണിക്കൂറിനുശേഷം ജോയിയുടെ മൃതദേഹം കണ്ടെത്തി
text_fieldsതിരുവനന്തപുരം: നമ്മുടെയെല്ലാം നഗരജീവിതങ്ങളെ സന്തോഷമുള്ളതാക്കാൻ ആരുമറിയാതെ പണിയെടുത്തിരുന്ന ജോയി ഇനിയൊരു നൊമ്പരപ്പേര്. താൻ വൃത്തിയാക്കി ഒഴുക്കിവിട്ട അഴുക്കിനൊപ്പം ആ ജീവിതവുമൊടുങ്ങിയപ്പോൾ ആത്മനിന്ദയിൽ ഉരുകേണ്ടത് കേരളം തന്നെ. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.
ശനിയാഴ്ച രാവിലെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് അടിയിലൂടെ വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുകയായിരുന്നു മൃതദേഹം. ബൈക്ക് യാത്രികരായ യുവാവും കുട്ടിയുമാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ മൃതദേഹം ആദ്യം കണ്ടത്.
ഇവർ കോര്‍പറേഷന്‍റെ ആരോഗ്യവിഭാഗം ജീവനക്കാരെ വിവരമറിയിച്ചു. ജോയിയുടെ ബന്ധുക്കളെത്തി സ്ഥിരീകരിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാരായമുട്ടത്തെ വസതിയിലെത്തിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിൽ വൈകുന്നേരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. വികാരഭരിതമായിരുന്നു വീട്ടിലെ കാഴ്ച. മാതാവിന്‍റെയും ബന്ധുക്കളുടെയും കരച്ചില്‍ ചുറ്റുമുള്ളവരുടെ കണ്ണുകളും ഈറനണിയിച്ചു.
ഞായറാഴ്ച രാത്രിയോടെ കൊച്ചിയിൽനിന്നും തിരുവനന്തപുരത്തെത്തിയ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലെ സംഘം അഗ്നി രക്ഷാസേനക്കും ദേശീയ ദുരന്തനിവാരണ സേനക്കുമൊപ്പം തിങ്കളാഴ്ച രാവിലെ ആറരയോടെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. സോണാർ കാമറ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേന തിരച്ചിൽ ആരംഭിച്ചത്.
ശനിയാഴ്ച രാവിലെ 11ഓടെയാണ് മാലിന്യം നീക്കാനായി ജോയി ആമയിഴഞ്ചാൻ തോട്ടിൽ ഇറങ്ങി ഒഴുക്കിൽപെട്ടത്. രണ്ടു ദിവസമായി അഗ്നി രക്ഷാസേന, സ്കൂബ ഡൈവിങ് ടീം, എൻ.ഡി.ആർ.എഫ്, നാവികസേന തുടങ്ങി വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. റെയില്‍പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ അതിസാഹസികമായാണ് തിരച്ചിൽ നടത്തിയത്. മാലിന്യം നീക്കാൻ റോബോട്ടിന്‍റെ സഹായവും ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.