ട്രാക്കിൽ മൃതദേഹം: ട്രെയിനുകൾ നിർത്തിയിട്ടു, സർവിസുകൾ താളം തെറ്റി
text_fieldsതിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരതും ജനശതാബ്ദിയുമടക്കം എട്ടോളം ട്രെയിനുകൾ നിർത്തിയിട്ടു. ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താളം തെറ്റി.
മുരുക്കുംപുഴക്കും കടയ്ക്കാവൂരിനും മധ്യേ പെരുങ്ങുഴിക്ക് സമീപം രാവിലെ 5.15 ഓടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്. പാളത്തിൽ മൃതദേഹം കണ്ടെത്തിയാൽ പൊലീസ് എത്തി തെളിവ് ശേഖരിക്കലടക്കം തുടർ നടപടികൾ സ്വീകരിച്ചാൽ മാത്രമേ സർവിസ് പുനരാരംഭിക്കാനാവൂ. കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട സമ്പർക്ക ക്രാന്തി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടെത്തിയ വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം നീക്കം ചെയ്ത ശേഷമാണ് സർവിസുകൾ പുനരാരംഭിച്ചത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെയാണ് നിർത്തിയിട്ടത്. ഇത് മറ്റ് സ്റ്റേഷനുകളിലെ വന്ദേഭാരതിന്റെ സമയക്രമത്തെയും മൊത്തം സർവിസുകളെയും ബാധിച്ചു. ആറ് മണിക്ക് കൊല്ലത്തെത്തേണ്ട വന്ദേഭാരത് 7.10 നാണ് എത്തിയത്. കോട്ടയമെത്താനും ഒരു മണിക്കൂർ വൈകി. ഷെഡ്യൂൾ പ്രകാരം ഉച്ചക്ക് 1.20ന് കാസർകോട് എത്തേണ്ടതാണെങ്കിലും 53 മിനിറ്റ് വൈകി 2.13 നാണ് എത്തിയത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പുലർച്ച 5.55ന് തമ്പാനൂരിൽ നിന്ന് പുറപ്പെട്ടെങ്കിലും വർക്കലയിലെത്തിയത് 53 മിനിറ്റ് വൈകിയാണ്. എറണാകുളവും തൃശൂരൂം ഷൊർണൂരുമടക്കം എല്ലാ സ്റ്റേഷനുകളിലും വൈകിയാണ് വണ്ടിയെത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.25ന് പുറപ്പെട്ട വേണാട് കടയ്ക്കാവൂരിൽ പിടിച്ചിട്ടു.
നാഗർകോവിൽ-മംഗളൂരു പരശുറാം വർക്കല സ്റ്റേഷൻ മുതലാണ് വൈകിയത്. 50 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെയായിരുന്നു വൈകൽ. ഏറനാട് എക്സ്പ്രസ് ശരാശരി അരമണിക്കൂറൂം ശബരി എക്സ്പ്രസ് ഒരു മണിക്കൂറും വൈകിയാണ് ഓടിയത്. അതേസമയം, എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസുകളെ ബാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.