സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
text_fieldsകാഞ്ഞങ്ങാട്: പാണത്തൂരിലെ വീട്ടിൽനിന്ന് കാണാതായ സന ഫാത്തിമയെന്ന മൂന്നര വയസ്സുകാരിയുടെ മൃതദേഹം ആറ് ദിവസങ്ങൾക്കുശേഷം പുഴയിൽനിന്ന് കണ്ടെത്തി. തീരദേശ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിൽനിന്നും രണ്ടു കിലോമീറ്റർ അകലെ പാണത്തൂർ പുഴയിലെ പവിത്രങ്കയത്തു നിന്നാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കരക്കെടുത്തത്.
പുഴമധ്യത്തിൽ ആറ്റുവഞ്ചിച്ചെടിയുടെ കൊമ്പുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ തലക്ക് ക്ഷതമേറ്റ നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അംഗൻവാടിയിൽ നിന്നെത്തിയ കുട്ടിയെ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. വീടിന് സമീപത്തെ ഒാവുചാലിനരികിൽ കുട്ടിയുടെ ചെരിപ്പും കുടയും കണ്ടെത്തിയതിനെ തുടർന്ന് ആറ് ദിവസമായി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ഒാവുചാലിലും പുഴയിലും തിരച്ചിൽ നടത്തിവരുകയായിരുന്നു.
മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വീടിന് സമീപം പൊതുദർശനത്തിന് വെച്ച മൃതദേഹം രാത്രി ഒമ്പതുമണിയോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ പാണത്തൂർ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ബറടക്കി. ബാപ്പുങ്കയത്തെ ഇബ്രാഹീം-ഹസീന ദമ്പതിമാരുടെ മകളാണ് സന ഫാത്തിമ. എട്ട് മാസം പ്രായമുള്ള നിബ ഫാത്തിമ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.