ആറാട്ടുപുഴയിൽ തിമിംഗലത്തിന്‍റെ മൃതദേഹം കരക്കടിഞ്ഞു
text_fieldsആറാട്ടുപുഴ: പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാർ ജങ്ഷന് വടക്കുഭാഗത്തായാണ് നാട്ടുകാർ ജഡം കാണുന്നത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലായിരുന്നു. വന്യജീവി സംരക്ഷണത്തിൽ ഉൾപ്പെട്ട ഫിൻ വെയിൽ ഇനത്തിൽപ്പെട്ടതാണ്. ഏകദേശം ഒരാഴ്ചയോളം പഴക്കമുണ്ട് അഴുകി തുടങ്ങിയ നിലയിലായിരുന്നു.
ഇതിന്‍റെ കൃത്യമായ വലുപ്പമോ മരണകാരണമോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്. ആന്തരികാവയവങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ലെന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോ. ബിനിൽ. ബി ചന്ദ്രൻ പറഞ്ഞു. ഏകദേശം 10 മീറ്റർ നീളവും അഞ്ചടി വീതിയും ഉള്ളതാണിത്. തീരത്തടിഞ്ഞ ഭാഗങ്ങളിൽ മുറിവുകൾ ഒന്നും കാണാൻ ഇല്ലാത്തതിനാൽ അപകടമരണം അല്ല എന്നാണ് വിലയിരുത്തൽ.
ഇൻക്വസ്റ്റിന് ശേഷം തിമിംഗലത്തിന്‍റെ ഭാഗങ്ങൾ തീരത്ത് എസ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുത്ത് മൂടി.റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. സുധീഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ് സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഷിനിൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.