തീൻമേശയിൽ മാരക വിഷം; ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: മലയാളികളുടെ തീൻമേശയിലെത്തുന്നത് മാരക രാസവസ്തുക്കളും കീട-കള നാശിനികളും കലർന്ന ഭക്ഷണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തൽ. രണ്ട് വർഷത്തിനിടെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ആഹാരസാധനങ്ങളുടെ വിശദ ലാബ് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ അമിത സാന്നിധ്യവും ഖന ലോഹാംശങ്ങളും ആന്റിബയോട്ടിക്കുകളും ആഹാരപദാർഥങ്ങളിൽ ഉപയോഗിക്കാനേ പാടില്ലാത്ത നിറക്കൂട്ടുകളും മുതൽ വിസർജ്യങ്ങളിൽ കാണുന്ന കോളിഫോം ബാക്ടീരിയ വരെ ഭക്ഷ്യപദാർഥങ്ങളിൽ കണ്ടെത്തി. രണ്ട് വർഷത്തിനിടെ നടത്തിയ പരിശോധനയിൽ മാത്രം ഇത്തരത്തിലുള്ള 198 വിഷ പദാർഥങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
മാസാലപ്പൊടികളിലും ശർക്കരയിലുമടക്കം വിപണിയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളിലാണ് കീടനാശിനികളുടെ സാന്നിധ്യമെന്നതിനാൽ ഹോട്ടൽ ഭക്ഷണത്തിൽ മാത്രമാണ് രാസസാന്നിധ്യം എന്ന് സമാധാനിക്കാനാകില്ല. ഹോട്ടലുകാർ സാധനങ്ങൾക്കായി ആശ്രയിക്കുന്ന വിപണിയെത്തന്നെ വീട്ടുകാരും ആശ്രയിക്കുന്നുവെന്നതിനാൽ വീട്ടുഭക്ഷണവും സുരക്ഷിതമല്ലെന്ന് വ്യക്തമാണ്. തുണിത്തരങ്ങളിൽ നിറം കൊടുക്കാനുപയോഗിക്കുന്ന റോഡമിന്റെ വലിയ സാന്നിധ്യമാണ് ശർക്കരയിൽ കണ്ടെത്തിയത്. ഭക്ഷണവസ്തുക്കളിൽ ഒരിക്കലും ചേർക്കാൻ പാടില്ലാത്ത, കാൻസറിനടക്കം കാരണമാകുന്ന രാസവസ്തുവാണ് റോഡമിൻ. ടാർട്ടസിൻ എന്ന രാസവസ്തു ചിപ്സ്, മിക്സ്ചർ എന്നിവയിൽ ചേർക്കൽ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഈ രണ്ടുവർഷത്തെ പരിശോധനക്കിടയിൽ ഇവ ചേർന്ന ചിപ്സും മിക്സ്ചറുകളും വിപണിയിൽ സുലഭം. മുളകുപൊടി, മല്ലിപ്പൊടി എന്നിവയിലാണ് കീടനാശിനികളുടെ സാന്നിധ്യം കൂടുതൽ.
കോപ്പർ, നിക്കൽ ലോഹങ്ങളുടെ സാന്നിധ്യമാണ് മറ്റൊന്ന്. അരിയും മറ്റും പൊടിക്കുന്ന മില്ലുകളിലെ യന്ത്രഭാഗങ്ങൾ ഉരഞ്ഞാണ് ഇവയുടെ അംശം ഭക്ഷണത്തിൽ കലരുന്നത്. പാലിൽ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചികിത്സാർഥം പശുവിന് നൽകുന്ന മരുന്നിൽ നിന്നാണ് പാലിൽ ആന്റിബയോട്ടിക് സാന്നിധ്യമുണ്ടാകുന്നത്. ബ്രഡിലും മറ്റുമുള്ള ചുവന്ന നിറത്തിലെ മൃദുവായ ടൂട്ടി ഫ്രൂട്ടിയിൽ കാർമോയിസിൻ എന്ന നിറം ചേർക്കാൻ പാടില്ലെന്നാണ് വ്യവസ്ഥയുള്ളതെങ്കിലും ഇത് വ്യാപകമായി മറികടക്കുകയാണ്.
ധാന്യപ്പൊടികളിൽ യൂറിക് ആസിഡ്, കാരണം എലിക്കാഷ്ഠം
ഏതാനും ധാന്യപ്പൊടികളിൽ യൂറിയ, യൂറിക് ആസിഡ് എന്നിവയുടെ സാന്നിധ്യം വിരൽചൂണ്ടുന്നത് ഇവയിൽ എലിക്കാഷ്ഠം കലർന്നിട്ടുണ്ട് എന്നതിലേക്കാണ്. ഗോതമ്പിൽ എലിക്കാഷ്ഠം ഉണ്ടെങ്കിൽ അത് പൊടിച്ചാൽ കണ്ടെത്താനാകില്ല. എന്നാൽ പൊടി പരിശോധിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് ഭക്ഷ്യസുരക്ഷവകുപ്പ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.