കമ്യൂണിസ്റ്റ് പ്രവർത്തകരുമായി ഡീൽ ഉണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘വിഡിയോ ഇട്ടതിന് പിന്നിൽ ഐക്യദാർഢ്യം’
text_fieldsപാലക്കാട്: പത്തനംതിട്ടയിലെ സി.പി.എമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന ജില്ല സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് സി.പി.എം ജില്ല സെക്രട്ടറിക്കേ പറയാൻ സാധിക്കൂവെന്ന് രാഹുൽ പറഞ്ഞു.
ആദ്യം അക്കൗണ്ട് വ്യാജമാണെന്ന് പറഞ്ഞു, പിന്നീട് ഹാക്കായി. സൈബർ സെല്ലിനെ സമീപിച്ചാൽ ഹാക്ക് ചെയ്താൽ അപ്പോളറിയാം. ഹാക്ക് ചെയ്തതാണെങ്കിൽ അത് ആരാണെന്ന് പറയണം. തെരഞ്ഞെടുപ്പിൽ എപ്പോഴും കള്ളം പറയാൻ പാടില്ല. സി.പി.എമ്മുമായി തനിക്ക് ഡീലില്ലെന്നും കമ്യൂണിസ്റ്റ് പ്രവർത്തകരും താനും തമ്മിൽ ഡീലുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
സി.പി.എമ്മിലെ ഒരു വിഭാഗം പേർ തനിക്ക് അനുകൂലമാണ്. എ.ഡി.എം നവീൻ ബാബുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് താനെടുത്ത സമീപനമുണ്ട്. നവീന്‍റെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവർക്കും അറിയാം. അതു കൊലപാതകമാണെന്ന് ആദ്യം പറഞ്ഞയാളാണ് താൻ. ആ നിലപാടുള്ള ഒരുപാട് പേർ പത്തനംതിട്ടയിലുണ്ട്. ആ നിലപാടിന്‍റെ ബാക്കിപത്രമാണ് ഈ ഐക്യദാർഢ്യം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലാതെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. എനിക്ക് അറിയാവുന്ന ആളുകളുണ്ട്. ചില വിവരങ്ങൾ അവർ തന്നെ പറയുന്നുണ്ട്. നവീൻ ബാബു വിഷയത്തിൽ മനഃസാക്ഷിയുള്ളവർ ഒരുമിച്ചു നിൽക്കും.
സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണ്. 63,000ത്തോളം ഫോളോവേഴ്‌സുള്ള പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സ്ഥിരമായി പാർട്ടിയുടെ പരിപാടികളും നിലപാടുകളും അപ്‌ലോഡ് ചെയ്യുന്ന പേജ് തങ്ങളുടേതല്ലെന്ന് പറയുന്നത് വ്യാജമാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നതുപോലെ അല്ല, വിഡിയോ അപ്‌ലോഡ് ചെയ്യുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നത് സി.പി.എം പോലും താൻ ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയത്തെ പിന്തുണക്കുന്നു എന്നതാണെന്നും രാഹുൽ പറഞ്ഞു.
സി.പി.എം പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിഡിയോ വന്നതിലാണ് വിശദീകരണവുമായി ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തിയത്. വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മനഃപൂർവം ഇത്തരത്തിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്ക്രീൻ റെക്കോർഡ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് ഉദയഭാനു പറയുന്നു.
‘പാലക്കാട് എന്ന സ്‌നേഹവിസ്മയം’ എന്ന കുറിപ്പോടെയാണ് രാഹുലിന്റെ പ്രചാരണവിഡിയോ പ്രത്യക്ഷപ്പെട്ടത്. പേജില്‍ നിന്ന് ദൃശ്യങ്ങള്‍ രാത്രി തന്നെ ഒഴിവാക്കി. ആദ്യം പേജ് വ്യാജമാണെന്നായിരുന്നു ഉദയഭാനുവിന്‍റെ വിശദീകരണം. എന്നാൽ, ഇപ്പോൾ പേജ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പറയുന്നത്. പേജിന്‍റെ നിയന്ത്രണം സോഷ്യൽ മീഡിയ ടീം തിരിച്ചെടുത്ത് വിഡിയോ നീക്കം ചെയ്യുകയും സൈബർ പൊലീസിനും ഫേസ്ബുക്കിനും പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഉദയഭാനു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.