‘ഹൈ’റേഞ്ചിൽ ഡീൻ; ഇടുക്കി ഇത്തവണയും യു.ഡി.എഫിനൊപ്പം
text_fieldsമണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിക്കുന്ന ഇടുക്കിയിലെ മലയോര കർഷകന്‍റെ മനസ് വീണ്ടും യു.ഡി.എഫിനൊപ്പം. യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ കോൺഗ്രസിലെ ഡീൻ കുര്യാക്കോസിന് മിന്നും വിജയമാണ് ഇടുക്കിക്കാർ സമ്മാനിച്ചത്. വോട്ടെണ്ണലിൽ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോൾ, ഒരു ഘട്ടത്തിൽ പോലും ലീഡ് മറികടക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് സാധിച്ചില്ല. ഒടുവിലത്തെ കണക്ക് പ്രകാരം 1,27,623 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡീൻ വിജയിച്ചത്. ഡീൻ 4,12,020 വോട്ടും ജോയ്സ് 2,84,221 വോട്ടും സംഗീത വിശ്വനാഥൻ 88,025 വോട്ടും പിടിച്ചെന്നാണ് അവസാന കണക്ക്. 2019ൽ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷമാണ് ഡീന് ലഭിച്ചത്.
വന്യമൃഗാക്രമണം, പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം, ഭൂതർക്കം, സമുദായം വോട്ട് അടക്കം നിരവധി ഘടകങ്ങൾ ഡീൻ കുര്യാക്കോസിന്‍റെ രണ്ടാം വിജയത്തിന് അനുകൂലമായി. വന്യമൃഗാക്രമണങ്ങളാണ് മലയോര മേഖലയെയും മണ്ഡലത്തെയും മൊത്തത്തിൽ ഉലച്ചിരുന്നു. വന്യമൃഗാക്രമണങ്ങളിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന ജനവികാരം മണ്ഡലത്തിൽ ആകെ ശക്തമായിരുന്നു. വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾ വനം മന്ത്രിയുടെ പ്രസ്താവനകളിൽ മാത്രമായി ചുരുങ്ങി. ജലം, വൈദ്യുതി വേലി അടക്കമുള്ള സംവിധാനങ്ങൾ വനത്തിനുള്ളിൽ ഒരുക്കുന്ന കർണാടക മോഡൽ പദ്ധതികളൂടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാൻ സാധിക്കുന്നതാണ്.
എന്നാൽ, ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കേണ്ടത് സർക്കാർ ചുമതലയാണെന്നിരിക്കെ കാട്ടാന ആക്രമണത്തിൽ നിരവധി ജീവൻ പൊലിയുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ വിഷയം പൊതുജനമദ്യത്തിൽ നിലനിർത്താൻ ഡീനും യു.ഡി.എഫിനും സാധിച്ചു. നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനത്തിന്‍റെ മേൽ ചാർത്തിയായിരുന്നു ഡീന്‍റെ പ്രചാരണം. ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരകാലത്തും തുടർന്ന് എം.പിയായപ്പോഴും ചെയ്ത കാര്യങ്ങൾ പറഞ്ഞാണ് ജോയ്സ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വന്യമൃഗാക്രമണത്തിൽ സംസ്ഥാന സർക്കാറിനെതിരായ വികാരങ്ങളെ മറികടക്കാനുള്ള ജോയ്സിന്‍റെ ഈ നീക്കങ്ങൾ വോട്ടായി മാറിയില്ല.
മൂന്നാം തവണയാണ് ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും ഇടുക്കിയുടെ മലയോര മണ്ണിൽ പോരടിച്ചത്. ഓരോ ജയം നേടിയ ഇരുവർക്കും മൂന്നാമങ്കം നിർണായകമായിരുന്നു. 2014ൽ അട്ടിമറി ജയമാണ് ഇടുക്കി മണ്ഡലത്തിൽ ജോയ്സ് നേടിയത്. പഴയ പീരുമേട് മണ്ഡലം 1977ൽ ഇടുക്കി മണ്ഡലമായതിന് ശേഷം 1980ൽ എം.എം. ലോറൻസ് ജയിച്ചത് മാറ്റിനിർത്തിയാൽ 2014ൽ ജോയ്സ് ജോർജിലൂടെയാണ് എൽ.ഡി.എഫ് രണ്ടാം തവണ എൽ.ഡി.എഫ് സ്വന്തമാക്കിയത്. തോൽപിച്ചത് കോൺഗ്രസിലെ ഡീൻ കുര്യാക്കോസിനെ. 2019ൽ ഡീൻ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷത്തിൽ ജോയ്സിനെ മലർത്തിയടിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും ഡീൻ വിജയം ആവർത്തിച്ചു.
ക്രിസ്ത്യൻ സഭകൾക്ക് മേൽക്കോയ്മയുള്ള മണ്ഡലത്തിൽ ഏറെ നിർണായകമായ കത്തോലിക്ക സഭയുടെ പിന്തുണ ഇത്തവണയും ഡീൻ ലഭിച്ചിട്ടുണ്ട്. എക്കാലത്തും കോൺഗ്രസിനും കേരള കോൺഗ്രസിനുമൊപ്പം നിലനിന്ന ഇടുക്കി രൂപതയും കത്തോലിക്ക സഭയും ഇടതുപക്ഷവുമായി ചേർന്ന് നിന്നപ്പോഴാണ് യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീണത്. കഴിഞ്ഞ രണ്ടു തവണയും സ്വതന്ത്ര വേഷത്തിലിറങ്ങിയ ജോയ്സിന് ഇക്കുറി സി.പി.എം പാർട്ടി ചിഹ്നത്തിൽ വോട്ട് തേടിയത്. 2014ൽ സഭയുടെ പരസ്യ പിന്തുണ പൂർണമായി ജോയ്സിന് ലഭിച്ചിരുന്നു. കസ്തൂരി രംഗൻ ഉയർത്തിയ വിവാദങ്ങളും പട്ടയ പ്രശ്നങ്ങളും ഇടുക്കി ബിഷപ്പും പി.ടി. തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇതിന് വഴിവെച്ചത്. എന്നാൽ, പാർട്ടി ചിഹ്നത്തിലെ വോട്ട് ചെയ്യുന്നതിൽ സഭകൾക്കുള്ള അതൃപ്തിയും ഇത്തവണ വോട്ടിൽ പ്രതിഫലിച്ചു.
ഇടുക്കിയുടെ രക്ഷകനായി മോദിയെ അവതരിപ്പിച്ചാണ് എൻ.ഡി.എ സ്ഥാനാർഥിയായ ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥൻ ഇരുമുന്നണികളെയും നേരിട്ടത്. മോദിയുടെ ഗ്യാരന്‍റി ഉയർത്തി കാണിക്കാനാണ് എസ്.എൻ.ഡി.പിക്കും നിർണായക സ്വാധീനമുള്ള ഇടുക്കിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി ശ്രമിച്ചത്. എന്നാൽ, കാര്യമായ വെല്ലുവിളി ഉയർത്താൻ സംഗീത വിശ്വനാഥന് സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.