ഡിയർ ബ്രദർ, അസ്സലാമു അലൈക്കും; കെ.ടി ജലീൽ 'മാധ്യമ'ത്തിനെതിരെ എഴുതിയ കത്ത് വായിക്കാം
text_fieldsപ്രിയ സഹോദരാ.. അസ്സലാമു അലൈക്കും
ഈ വല്ലാത്ത കാലത്തിലും താങ്കൾക്ക് ക്ഷേമമെന്ന് കരുതുന്നു; അതിനായി പ്രാർഥിക്കുന്നു
കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ, വിശിഷ്യാ യു.എ.ഇയിൽ തൊഴിലെടുത്ത് ജീവിക്കുന്നത്. ചരിത്രത്തിലുടനീളം, എല്ലാ പ്രയാസഘട്ടങ്ങളിലും അല്ലാത്തപ്പോഴും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഉദാരമനസ്കരായ ജനങ്ങളും ഇന്ത്യൻ ജനതക്കൊപ്പം, പ്രത്യേകിച്ച് കേരളീയർക്കൊപ്പം നിന്നിട്ടുണ്ട്. കോവിഡ് കാലത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഗൾഫിലെ എല്ലാ ഭരണാധികാരികളും പ്രവാസികൾക്ക് ഭക്ഷണവും താമസവും ചികിൽസയും മറ്റു സൗകര്യങ്ങളും കഴിയാവുന്ന വിധമെല്ലാം നൽകി പ്രതിസന്ധിയെ അതിജീവിക്കാൻ അവരെ സഹായിച്ചു. ദൗർഭാഗ്യകരമെന്നുപറയട്ടെ, മറ്റ് രാജ്യങ്ങളിലെന്നപോലെ ഗൾഫിലും നിരവധി വിദേശികൾക്കും സ്വദേശികൾക്കും കോവിഡ് മൂലം ജീവൻ നഷ്ടമായി.
എന്നാൽ, കേരളത്തിൽ നിന്നുള്ളവരുടെ മരണം വാർത്തയാക്കി 2020 ജൂൺ 24ന് 'ഗൾഫ് മാധ്യമ'ത്തിന്റെ കേരള പതിപ്പായ 'മാധ്യമം' മലയാള പത്രം ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച്, ഇവരുടെ കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇവർക്ക് ശരിയായ ചികിൽസ നൽകണമെന്നും ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ട് നൂറ്റാണ്ടുകളായി കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ നിർലോഭം സഹായിക്കുന്ന അറബ് ഭരണാധികാരികളേയും ജനങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ റിപ്പോർട്ട് അറബ് ഭരണാധികാരികളെക്കുറിച്ച് മത-സംഘടന ഭേദമന്യേ കേരളീയരുടെ മനസിലുള്ള ചിത്രം മുറിപ്പെടുത്തുന്നതാണ്.
വസ്തുതകൾക്കും ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾക്കും വിരുദ്ധമായാണ് ഗൾഫ് മാധ്യമത്തിന്റെ റിപ്പോർട്ടുകളെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം, ഗൾഫിൽ നിന്നുള്ള ധനസഹായം സ്വീകരിച്ച്, ഗൾഫ് ഭരണാധികാരികളേയും അവിടുത്തെ സഹായതൽപരരായ ജനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ ഭാവിയിൽ അവർ പ്രസിദ്ധീകരിക്കും. അതിനാൽ, ഈ വിഷയത്തിൽ വേണ്ട ശ്രദ്ധയുണ്ടാവുകയും നടപടി സ്വീകരിക്കുകയും വേണം. മേൽപറഞ്ഞ റിപ്പോർട്ട് വന്ന പത്രവും അതിന്റെ അറബിക്, ഇംഗ്ലിഷ് തർജമയും ഈ കത്തിനൊപ്പം വെക്കുന്നു.
നിങ്ങളുടെ വിശ്വസ്തൻ
അബ്ദുൽ ജലീൽ
അബ്ദുൽ ജലീൽ എന്ന പേരിലാണ് മു ൻ മന്ത്രി കെ.ടി ജലീൽ കത്ത് എഴുതിയിരിക്കുന്നത്. കത്ത് തനിക്ക് അയച്ചുതരൂ എന്ന് സ്വപ്ന സുരേഷ് വാട്സാപ്പിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 'വെരി കോൺഫിഡൻഷ്യൽ' എന്ന് പറഞ്ഞ് ജലീൽ കത്ത് അയച്ചു നൽകിയിരിക്കുന്നത്. അതേസമയം, യു.എ.ഇക്ക് താൻ കത്തയച്ചിട്ടുണ്ട് എന്ന് വാർത്താസമ്മേളനത്തിൽ ജലീൽ സ്ഥിരീകരിച്ചു. കത്ത് താൻ സ്വപ്നക്ക് വാട്സാപ്പിലാണ് അയച്ചത്. യു.ഡി.എഫ് നേതാക്കളും സമനമായ കത്തയച്ചിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു. പ്രോട്ടോക്കോൾ ലംഘിച്ചാൽ തൂക്കിക്കൊല്ലുമോ എന്നും അദ്ദേഹം ചോദിച്ചു.
ഗൾഫിൽ മാധ്യമം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടല്ല, നടപടി ആവശ്യപ്പെട്ടാണ് താൻ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതെന്ന് കെ.ടി ജലീൽ എം.എൽ.എ പറഞ്ഞു. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ഫോട്ടോ വെച്ച് മാധ്യമം ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ച് അന്നത്തെ യു.എ.ഇ കോൺസുൽ ജനറലിന്റെ പി.എക്ക് താൻ കത്ത് അയച്ചിട്ടുണ്ട്. തന്റെ ഓഫീഷ്യൽ മെയിൽ ഐ.ഡിയിൽനിന്ന് കോൺസുൽ ജനറലിന്റെ മെയിലിലേക്ക് അതിന്റെ ഒരു കോപ്പി അയക്കുകയും ചെയ്തു. അതിലൊരിടത്തും ഒരു പത്രം നിരോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.