'സഹിക്കുന്നു...നീതിക്കായി കാത്തിരിക്കുന്നു'; ഫാത്തിമ ലത്തീഫിെൻറ മരണത്തിന് ഒരാണ്ട് തികയുമ്പോഴും നീതി ലഭിക്കാതെ കുടുംബം
text_fieldsകൊല്ലം: കഴിഞ്ഞ നവംബർ ഒമ്പതിനാണ് കൊല്ലം രണ്ടാംകുറ്റി പ്രിയദർശിനി നഗറിൽ കീലോംതറയിൽ ലത്തീഫിെൻറ മകൾ ഫാത്തിമയെ ചെന്നൈ ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ദേശീയശ്രദ്ധ ആകർഷിച്ച കേസിൽ ഒരു വർഷം പിന്നിടുമ്പോഴും നീതിക്കായി ക്ഷമിച്ചും സഹിച്ചും കാത്തിരിക്കുകയാണ് കുടുംബം.
രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷിച്ചിട്ടും മകളുടെ മരണത്തിന് ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല. 'ഞങ്ങളെല്ലാം സഹിക്കുന്നു. നീതിക്കായി കാത്തിരിക്കുന്നു, നീതിക്കായി മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു -ഒരു വർഷം കഴിയുമ്പോഴും മകളുടെ മരണത്തിനുത്തരവാദികൾ മറയത്തുതന്നെ നിൽകുന്ന വേദനയോടെ ലത്തീഫ് പറഞ്ഞു.
കേസ് ഏറ്റെടുത്ത സി.ബി.ഐ മാതാപിതാക്കളുടെ മൊഴിയെടുത്തിട്ടില്ല. ലോക്ഡൗൺ കാരണം ഐ.ഐ.ടി അടച്ചിട്ടതിനാൽ തുടരന്വേഷണം വൈകുന്നെന്നും ഉടൻ മൊഴിയെടുക്കാൻ എത്തുമെന്നും നവംബർ രണ്ടിന് ഡിവൈ.എസ്.പി വിളിച്ചറിയിച്ചതാണ് ഇതുവരെ വീട്ടുകാർക്ക് കിട്ടിയ അന്വേഷണ പുരോഗതി.
മദ്രാസ് ഐ.ഐ.ടിയുടെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് കോഴിസിനുള്ള എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കോടെയായിരുന്നു ഫാത്തിമയുടെ പ്രവേശനം. സിവിൽ സർവിസ് സ്വപ്നവുമായി പഠനത്തിനെത്തിയ ഫാത്തിമക്ക് പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. തെൻറ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ മൊബൈൽ ഫോണിൽ കുറിപ്പ് എഴുതിവെച്ചാണ് ഫാത്തിമ ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി തലത്തിൽ വരെ പരാതി എത്തിയിട്ടും അധ്യാപകർ ഇന്നും ഐ.ഐ.ടിയിൽ സുരക്ഷിതരാണ്. തമിഴ്നാട് കോട്ടൂർപുരം പൊലീസ് എടുത്ത കേസിൽ അന്വേഷണം തൃപ്തികരമായിരുന്നില്ല. പരാതിയെ തുടർന്ന് കേസ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എം.പിമാർ ഒപ്പിട്ട നിവേദനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുടുംബം സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
ദേശീയതലത്തിൽ ചർച്ചയായ കേസിൽ അന്വേഷണം നിലച്ചതോടെ എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖേനെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വീണ്ടും കത്ത് നൽകി പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കുടുംബം. ഇരട്ട സഹോദരിയായ ആയിഷ തിരുവനന്തപുരം ലോ കോളജിലെ രണ്ടാംവർഷ എൽഎൽ.ബി വിദ്യാർഥിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.