ഉമ്മൻ ചാണ്ടി ചരമവാർഷികം18ന്; അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും
text_fieldsകോട്ടയം: ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം 18ന് നടക്കുമെന്ന് ചെയർമാൻ ചാണ്ടി ഉമ്മൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ കുർബാന, കല്ലറയിലും വീടുകളിലും പ്രാർഥന എന്നിവയുണ്ടാവും.
പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് അനുസ്മരണ സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭ മേജർ ആർച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്വാമി മോക്ഷവ്രതാനന്ദ, പെരുമ്പടവം ശ്രീധരൻ, കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷന് കീഴിൽ ഉമ്മൻ ചാണ്ടി ആശ്രയ കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച കൂരോപ്പടയിലെ ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന-ഗോൾ ഫുട്ബാൾ ടർഫ് ഗവർണർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിലെ 1000 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉച്ചകഴിഞ്ഞ് കല്ലറ സന്ദർശിക്കും. തുടർന്ന് മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
ളാക്കാട്ടൂർ ജങ്ഷനിൽ കോൺഗ്രസ് നേതാവ് ചാമക്കാലയിൽ കെ.എൻ. ഹരിഹരൻ നായർ സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്താണ് ടർഫ് നിർമിച്ചിരിക്കുന്നത്. വൈകീട്ട് ആറിന് കൂരോപ്പടയിലേക്ക് ദീപശിഖ പ്രയാണം. രാത്രി എട്ടിന് ടർഫിൽ എം.എൽ.എമാർ പങ്കെടുക്കുന്ന പ്രദർശന ഫുട്ബാൾ മത്സരം എന്നിവ അരങ്ങേറും.
10,000 ചതുരശ്ര അടിയിൽ ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്‍റൺ എന്നിവ കളിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. ടർഫിലേക്കുള്ള റോഡ് നവീകരിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് ചാണ്ടി ഉമ്മൻ 20 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.